പട്ടാമ്പി: തൃത്താല നിയോജക മണ്ഡലം എം എൽ എ ആസ്തി വികസന പ്രത്യേക വികസന ഫണ്ടിൽ നിന്ന് 5. 40 കോടി രൂപയുടെ പദ്ധതികൾക്ക് തുക അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അംഗൺവാടി നവീകരണത്തിന് 70 ലക്ഷവും, സ്കൂളുകൾക്കും പാലിയേറ്റീവ്- ചാരിറ്റബിൾ സൊസൈറ്റികൾക്കും വാഹനം വാങ്ങാൻ 70 ലക്ഷം രൂപയും അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി പട്ടിത്തറ കരണപ്ര മൈതാനം അരക്കോടി രൂപ ചിലവഴിച്ച് നവീകരിക്കും. 2.5 കോടിയുടെ റോഡ് വികസന പദ്ധതികളാണ് മണ്ഡലത്തിൽ നടത്തുന്നത്. ബസ് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തിന് 20 ലക്ഷവും, ആനക്കര, കപ്പൂർ, പട്ടിത്തറ, പരുതൂർ എന്നിവിടങ്ങളിൽ ഓപ്പൺ ജിംനേഷ്യവും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കാനായി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തൃത്താല മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ആവശ്യമായ പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങളാണ് പദ്ധതികളാണ് പലതും. നവകേരള നിർമ്മിതിയിൽ തൃത്താലയ്ക്കും നിർണ്ണായക പങ്ക് വഹിക്കാനുണ്ട്. വിദ്യാഭ്യാസ- സാംസ്കാരിക- വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തൃത്താല വേദിയാകുന്നതെന്നും മന്ത്രി പറഞ്ഞു. പതിനേഴ് കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. 28 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. മല- ചേരുംശേഖരപുരം റോഡ് നവീകരണം, പൂലേരി കൊടലിൽ പാലക്കൽ ശിവക്ഷേത്രം റോഡ്, മാട്ടായ- അച്ചുതപുരം റോഡ്, വട്ടത്താണി- വെള്ളിയാങ്കല്ല് റോഡ്, കോതച്ചിറ ആശുപത്രി- ബദാം സെന്റർ റോഡ്, വാവന്നൂർ- ചെറുചാൽപ്രം -വെള്ളടിക്കുന്ന് റോഡ്, തോട്ടഴിയം വില്ലേജ് ഓഫീസ് -കുറ്റിപ്പാലക്കുന്ന് റോഡ് എന്നിവയ്ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പുല്ലൂണിപ്പാടം റോഡ്, മണ്ണാരപറമ്പ് റോഡ് ഇന്റർലോക്ക് ചെയ്യൽ, പുത്തന്‍ റോഡ് ചുറ്റു റോഡ്, പെരുമണ്ണൂര്‍- കോട്ടക്കാവ് അമ്പലം റോഡ്, ആലിക്കര- വെള്ളച്ചാൽ റോഡ്, കുണ്ടുപറമ്പ് റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. മംഗലം മുടപ്പക്കാട് റോഡ് റീടാറിംഗും സൈഡ് പ്രൊട്ടക്ഷനും 10 ലക്ഷം രൂപയും ചെങ്ങഴിക്കുന്ന് കോളനി റോഡ് കോൺക്രീറ്റ് ചെയ്യാൻ ആറ് ലക്ഷം രൂപയും നൽകും. പുനനിലം കനാൽ റോഡും തീർദേശ റോഡ്- സുഗുണൻപടി റോഡും കോൺക്രീറ്റ് ചെയ്യാൻ 7 ലക്ഷം രൂപ വീതമാണ് ചിലവഴിക്കുന്നത്. ആറങ്ങോട്ടുകര സെന്ററിലെ അഴുക്കുചാൽ നവീകരണത്തിന് 20 ലക്ഷവും കറുകപുത്തൂർ സെന്റർ നവീകരണത്തിന് 15 ലക്ഷവും അനുവദിച്ചു. മലറോഡ് സെന്റർ, തലക്കശേരി സെന്റർ, പടിഞ്ഞാറങ്ങാടി കുറ്റനാട് റോഡ്, പടിഞ്ഞാറങ്ങാടി എടപ്പാൾ റോഡ്, കൂട്ടുപാത സെന്റർ എന്നിങ്ങനെ അഞ്ച് ബസ് വെയ്റ്റിംഗ് ഷെഡുകൾ പുതുതായി നിർമ്മിക്കും. ഇതിനായി 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
തിരുമിറ്റക്കോട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് 12 ലക്ഷം, തൃത്താലയിൽ സ്മാർട്ട് അംഗണ വാടിക്ക് 10 ലക്ഷവും ഞാങ്ങാട്ടിരിയിൽ 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പരുതൂര്‍ ചാത്തേമ്പാറ കുന്ന് അംഗന്‍വാടിക്കും കപ്പൂര്‍ ഗ്രാമപഞ്ചായത്ത് 17 വാർഡ് അംഗൻ വാടിക്കും 20 ലക്ഷം അനുവദിച്ചു. ജി എച്ച് എസ് എസ് ചാത്തന്നൂർ, ആനക്കര ഡയറ്റ് ലാബ് സ്കൂള്‍ എന്നിവയ്ക്ക് ബസ് വാങ്ങാൻ ഇരുപത് ലക്ഷം രൂപ വീതവും, തൃത്താല ബഡ്സ് സ്കൂളിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂറ്റനാട് പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റിക്കും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സൊസൈറ്റിക്കും വാഹനം വാങ്ങാൻ പത്ത് ലക്ഷം രൂപ വീതം അനുവദിച്ചു. വിശ്വദീപ്തി കലാവേദി വായനശാല നയ്യൂർ കെട്ടിടത്തിന് 20 ലക്ഷം രൂപയും അനുവദിച്ചു.