ഇടതു സർക്കാർ ഒന്നാംതരം തൊഴിലാളി വഞ്ചകരാണെന്ന് കെ എസ് ആർ ടി സി യിലെ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നു എന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. ഓണം ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വരെ കെ എസ് ആർ ടി സി ജീവനക്കാർക്ക് നിഷേധിക്കുന്ന ഇടതു നയം ജനാധിപത്യ സർക്കാരിനു ചേർന്നതല്ലെന്നും ഇതിനെതിരെ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിന് കെ എസ് ടി എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിവിരുദ്ധ നയങ്ങളുടെ പരീക്ഷണശാലയാക്കി കെ എസ് ആർ ടി സിയെ മാറ്റാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘടനയുടെ പാലക്കാട് യൂണിറ്റ് ജനറൽ ബോഡി പാലക്കാട് ബിഎംഎസ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എൽ. രവി പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ , വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ , ജില്ലാ ജോ.സെക്രട്ടറി എൻ.കാളിദാസ് എന്നിവർ സംസാരിച്ചു.