യുവാവിനെ തടഞ്ഞ് നിർത്തി ബീഫ് ഫ്രൈ തട്ടിയെടുത്തു

ഹരിപ്പാട്: തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. മർദനമേറ്റ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണു (26) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ മറുതാമുക്കിനു സമീപമുള്ള തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു (കുളിരു വിഷ്ണു– 29), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു.

പണമില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിഷ്ണു എതിർത്തു. തുടർന്നാണ് മർദിച്ചത്. വിഷ്ണു ഹരിപ്പാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്എച്ച്ഒ ശ്യാം കുമാർ, എസ്ഐ ഗിരീഷ്, സിപിഒമാരായ എ.നൗഷാദ്, അനീഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.