ഓപ്പറേഷൻ തണ്ടർ*: ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ ലക്ഷങ്ങൾ വിലയുള്ള വാണിജ്യ അളവിലുള്ള മെത്താംഫിറ്റാമിൻ വാളയാർ എക്സൈസ് പോസ്റ്റിൽ കണ്ടെത്തി

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന പേരോടു കൂടിയ എയർ ബസ്സിൽ നടത്തിയ പരിശോധനയിൽ തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക് കടങ്ങോട് വില്ലേജ് വെള്ളാർക്കാട് ദേശത്തെ അമ്പലവട്ടം കരയിൽ അയ്യല കാട്ടിൽ വീട്ടിൽ ചന്ദ്രൻ മകൻ ജിതിൻ എ സി (35 വയസ്സ്) എന്നയാൾ ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിൻ, ഒരു ഗ്രാം കഞ്ചാവും കടത്തിക്കൊണ്ടു വന്നത് പിടികൂടി അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ ജിത്തു കിരൺ കേസ് എടുക്കുകയും തുടർനടപടികൾക്കായി എക്സൈസ് റേഞ്ച് ഓഫീസ് പാലക്കാട് ഹാജരാക്കുകയും ചെയ്തു . പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ജിത്തു കിരൺ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ദേവകുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് ടി സി, വേണുഗോപാലൻ, അമർനാഥ്, വിപിൻ വി എന്നിവരും പങ്കെടുത്തു