പാലക്കാട് : ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതിയെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി മുന്ന എന്ന ബൈജു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പകൽ ഒന്നരയ്ക്ക് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ 76 കാരൻ പിരായിരി സ്വദേശി ചന്ദ്രനിൽ നിന്ന് പ്രതി ബൈജു ലോട്ടറിയെടുത്തു. പണം നൽകാമെന്ന് പറഞ്ഞ് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി യാക്കര ഭാഗത്തേക്ക് കൊണ്ടുപോയി. ചന്ദ്രന്റെ ഇടത് കൈക്ക് പരിക്കേൽപ്പിക്കുകയും ഷർട്ട് വലിച്ച് കീറി തള്ളിയിടുകയും ചെയ്തു. ചന്ദ്രന്റെ പക്കലുള്ള 19000 രൂപയും 6500 രൂപയുടെ ലോട്ടറി ടിക്കറ്റും ബൈജു തട്ടിയെടുത്തു. ഇൻസ്പെക്ടർ ടി ഷിജു എബ്രഹാം, എസ്ഐമാരായ വി ഹേമലത, എം അജാസുദ്ദീൻ, എഎസ്ഐ കെ രതീഷ്, സീനിയർ സിപിഒമാരായ കെ സി ഷൈജു, ബി ശശികുമാർ, പ്രജീഷ്, സിപിഒ ജിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.