നവകേരള സദസ്സ് ഇതൊക്കെ കാണുമോ?


— ജോസ് ചാലയ്ക്കൽ –
മലമ്പുഴ: നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയടക്കം മന്ത്രിമാർ ഇതു കാണുമോ? പരിഹാരമാവുമോ? സംശയമായ ചോദ്യം പാലക്കാട്ടെ ജനങ്ങളുടേത്. ലക്ഷങ്ങൾ മുടക്കി ജലസേചന വകുപ്പ് നിർമ്മിച്ച മലമ്പുഴ ബസ്റ്റാൻ്റ്, ചുറ്റം കുറ്റിചെടികൾ വളർന്നു് കാടുപിടിച്ചു കിടക്കുന്ന കാഴ്ച്ച ദയനീയം .ഇവിടെ ഇഴജന്തുക്കൾ, തെരുവുനായ്ക്കൾ, മദ്യപാനികൾ, സാമൂഹ്യ വിരുദ്ധർ എന്നിവരുടെ വിഹാര രംഗമാണ്. ബസ്സുകളും യാത്രക്കാരും നിറഞ്ഞു നിൽക്കേണ്ട സ്ഥലത്താണ് ഈ ദുര്യോഗം. മലമ്പുഴ ഉദ്യാന കവാടത്തിൽ ആളെ ഇറക്കിയാൽ കാലിയായി ഒന്നര കിലോമീറ്റർ ദൂരം ബസ്സ് സഞ്ചരിച്ച് വേണം സ്റ്റാൻ്റിലെത്താൻ അതു പോലെ തിരിച്ചും കാലിയായി ഉദ്യാന കവാടത്തിലെത്തണം. ബസ്റ്റാൻ്റിൽ കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതും ബസ്സ് ജീവനക്കാർക്കും യാത്രക്കാർക്കും ശങ്ക തീർക്കാൻ കഴിയാത്ത അവസ്ഥയും ബസ്റ്റാൻ്റിനെ അവഗണിക്കാനുള്ള കാരണങ്ങളിൽ ചിലതാണ്. ഇന്ധനനഷ്ടവും സമയനഷ്ടവും ചൂണ്ടിക്കാട്ടി ബസ്സുടമകളും പിൻമാറുന്നു. ഇതിനൊരു പരിഹാരം കാണില്ലേയെന്നാണ് മലമ്പുഴക്കാരും വിനോദ സഞ്ചാരികളും നവകേരള സദസ്സിനോട് ചോദിക്കുന്നത്.

2: പൊളിച്ച പാലംപണി പൂത്തിയാകാതെ മൂടിയത് ഗതാഗതക്കുരുക്കും അപകട ഭീഷണിക്കും കാരണമാവുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന ചോദ്യവും ഉയർന്നു വന്നീട്ടുണ്ട്. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ ഒലവക്കോടിനും സായ് ജങ്ങ്ഷനുമിടയിലാണ് അപകടകരമായ കനാൽ പാലം .സംരക്ഷണഭിത്തികളോ കൈവരികളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കനാലിൽ വീണ് അപകടമുണ്ടാവുക സ്ഥിരം പതിവായിരുന്നു. പരാതികളുടേയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ പാലം പുതുക്കി പണിയൽ ആരംഭിച്ചെങ്കിലും കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച തീരക്കിൽ ഗതാഗതകുരുക്ക് അതിരൂക്ഷമാകുമെന്ന ബോധോദയം അധികൃതർക്ക് ഉദിച്ചതോടെ തോണ്ടിയ ചാൽ വീണ്ടും മൂടി. ഇപ്പോൾ ഉണ്ടായിരുന്ന വീതിയും കുറഞ്ഞ് ഇടക്കിടെ ഗതാഗതക്കുരുക്ക് കൂടുന്നു. അടുത്ത കൽപ്പാത്തി രഥോത്സവം വരുന്നതിനു മുമ്പെങ്കിലും ഈ പാലം പുതുക്കി പണിയുമോ എന്നാണ് ഇതു വഴി സ്ഥിരം പോകുന്നവർ പരിഹസിക്കുന്നത്‌. ഇറിഗേഷൻ, വട്ടർ അതോറട്ടി, പിഡബ്ലൂഡി എന്നിവർ സംയുക്തമായി നടപടിയെടുത്താലേ പണി പാളാതെ പൂർത്തിയാകൂ പക്ഷെ അത് എന്ന് നടക്കും എന്ന ചോദ്യമാണ് ജനങ്ങൾക്ക്.