ഇന്ന് ജാലിയന്‍ വാലാബാഗ് ഓര്‍മ്മ ദിനം

—- അസീസ് മാസ്റ്റർ —

രാജ്യത്തിന് വേണ്ടി പോരാടിയവരെ, അല്ലെങ്കില്‍ പോരാട്ടങ്ങളെ ‘തീവ്രവാദ’ പ്രവര്‍ത്തനങ്ങളാക്കി സംശയിക്കുന്ന ആരെയും രണ്ട് വര്‍ഷത്തേക്ക് വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനും പോലീസിന് വ്യാപകമായ അധികാരം നല്‍കിയ റൗലത്ത് ആക്റ്റ് എന്ന അരാജകത്വവും വിപ്ലവകരവുമായ കുറ്റകൃത്യങ്ങളുടെ നിയമത്തിനെതിരേ ശബ്ദമുയര്‍ത്തിയ പ്രതിഷേധക്കാരെ കൂട്ടക്കുരുതി ചെയ്ത സംഭവമാണ് ജാലിയന്‍വാലാബാഗ്. അകത്തേക്കും പുറത്തേക്കും കടക്കാന്‍ ഒരു കവാടം മാത്രമുള്ള ജാലിയന്‍വാലാബാഗ് മൈതാനിയില്‍ റൗലത്ത് ആക്ടിനെതിരേ പ്രതിഷേധിക്കാന്‍ പഞ്ചാബിലെ വളരെ പ്രശസ്തമായ ഒരു ഉത്സവമായ ബൈശാഖി ദിനത്തില്‍ ഒത്തുകൂടിയവരെ ബ്രിട്ടീഷ് പട്ടാള മേധാവി ജനറല്‍ റെജിനാള്‍ഡ് ഡയര്‍ വെടിവെക്കാന്‍ നിര്‍ദ്ദേശിക്കുകയും തത്ഫലമായി ആയിരങ്ങള്‍ രക്തസാക്ഷികളാവുകയും ചെയ്ത സമാനതകളില്ലാത്ത ക്രൂരകൃത്യത്തിന് 104 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. 1919 മാര്‍ച്ചില്‍ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പാസാക്കിയ റൗലത്ത് ആക്ട് വാറന്റില്ലാതെ തിരച്ചില്‍ നടത്താനും മാധ്യമസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും പൊലീസിന് അധികാരം നല്‍കുന്നതായിരുന്നു. വളരെ ജനവിരുദ്ധമായ ഒരു ബില്ലായിരുന്ന ഈ ആക്ടിനെതിരേ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും അപലപിക്കുകയും പാസാക്കിയതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കൗണ്‍സിലിലെ നിരവധി ഇന്ത്യന്‍ അംഗങ്ങള്‍ രാജിവെച്ചു, ഇതില്‍ മദന്‍ മോഹന്‍ മാളവ്യയും മുഹമ്മദ് അലി ജിന്നയും ഉള്‍പ്പെടുന്നു.
സമാധാനപരമായ സത്യാഗ്രഹത്തിന് ഗാന്ധി ആഹ്വാനം ചെയ്‌തെങ്കിലും ചില സ്ഥലങ്ങളില്‍ പ്രതിഷേധം കലാപവും അക്രമവും മൂലം പഞ്ചാബില്‍ സ്ഥിതി മോശമായിരുന്നു. ഗദര്‍ വിപ്ലവത്തെയും ഭരണകൂടവും ഭയപ്പെട്ട സാഹചര്യവുമായിരുന്നു അന്ന്. കോണ്‍ഗ്രസ് നേതാക്കളായ സെയ്ഫുദ്ദീന്‍ കിച്ച്‌ലൂ, സത്യപാല്‍ എന്നിവരെ പഞ്ചാബില്‍ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം ശക്തമായി. ഏപ്രില്‍ 10ന് അമൃത്‌സര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയില്‍ പ്രതിഷേധിച്ച ഏതാനും പേരെ പോലീസ് വെടിവച്ചു കൊന്നു. മാത്രവുമല്ല പഞ്ചാബിലെ ലെഫ്റ്റനന്റ ്ഗവര്‍ണര്‍ മൈക്കല്‍ ഒഡ്വയര്‍ പഞ്ചാബിനെ പട്ടാള നിയമത്തിന് കീഴിലാക്കുകയും ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. റൗലത്ത് നിയമത്തിനും അവരുടെ രണ്ട് നേതാക്കളുടെയും അറസ്റ്റിനെതിരെയും സമാധാനപരമായി പ്രതിഷേധിക്കാന്‍ നിരായുധരായിരുന്ന ആളുകള്‍ ഏപ്രില്‍ 13ന് പൊതു ഉദ്യാനമായ ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടി. സ്ത്രീകളും കുട്ടികളും ബൈശാഖി ആഘോഷിക്കാന്‍ അമൃത്സറില്‍ എത്തിയ തീര്‍ഥാടകരും ജനക്കൂട്ടത്തിലുണ്ടായിരുന്നു. ഏകദേശം 10 അടി ഉയരമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട ഏകദേശം ഏഴ് ഏക്കര്‍ സ്ഥലത്തായിരുന്ന പൂന്തോട്ടത്തില്‍ പ്രതിഷേധ യോഗം ചേരാനിരിക്കെ, വൈകീട്ട് നാലരയോടെ ബ്രിട്ടീഷ് സൈന്യം മേധാവി ഡയറിന്റെ നേതൃത്വത്തിലെത്തുകയും സൈന്യം പൂന്തോട്ടത്തിലേക്കുള്ള പ്രധാന കവാടം അടച്ചു. ഒരു പ്രകോപനവും കൂടാതെ, ഒരു മുന്നറിയിപ്പും നല്‍കാതെ, ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ഡയര്‍ തന്റെ സൈന്യത്തോട് ആജ്ഞാപിച്ചു. വെടിയുണ്ടകള്‍ തീരുന്നത് വരെ പത്ത് മിനിറ്റോളം ഷൂട്ടിംഗ് തുടര്‍ന്നു. ഏകദേശം 1,650 റൗണ്ടുകള്‍ ചെലവഴിച്ചു. ദയാരഹിതമായ വെടിവയ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അവിടെയുണ്ടായിരുന്ന ഒറ്റപ്പെട്ട കിണറ്റില്‍ ചാടിയും തിക്കിലും തിരക്കിലും പെട്ടും വെടിയേറ്റും ആളുകള്‍ മരിച്ചുവീണു. മരണസംഖ്യയുടെ ഔദ്യോഗിക കണക്ക് 379 ആണ്. ആയിരത്തിനും 2000 നും ഇടയില്‍ കൊല്ലപ്പെടുകയും 1000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. കര്‍ഫ്യൂ കാരണം, പരിക്കേറ്റവരെ ചികിത്സയ്ക്കായി മാറ്റാന്‍ കഴിഞ്ഞില്ല, അതിനാല്‍ നിരവധി പേര്‍ രാത്രിയില്‍ പൂന്തോട്ടത്തിന്റെ ഗ്രൗണ്ടില്‍ മരണത്തില്‍ കീഴടങ്ങി. മരിച്ചവരില്‍ കുട്ടികളും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.
അന്നത്തെ ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി എച്ച് എച്ച് അസ്‌ക്വിത്തും കൂട്ടക്കൊലയെ പരസ്യമായി അപലപിച്ചു. ചര്‍ച്ചില്‍ ഈ പ്രവൃത്തിയെ ‘ഭീകരം’ എന്ന് വിളിക്കുകയും ഹൗസ് ഓഫ് കോമണ്‍സില്‍ ഈ പ്രവൃത്തിയെ അപലപിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോര്‍ തന്റെ നൈറ്റ് പദവി ഉപേക്ഷിച്ചു. പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് ഡയറിനെ ‘ഇന്ത്യയെ രക്ഷിച്ച മനുഷ്യന്‍’ എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കുരുതിയെ ന്യായീകരിച്ചവരുമുണ്ടായിരുന്നു. ഏതായാലും പഞ്ചാബിലെ കൂട്ടക്കൊലയെയും മറ്റ് സംഭവങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഡിസോര്‍ഡേഴ്‌സ് എന്‍ക്വയറി കമ്മിറ്റി എന്ന പേരില്‍ ഹണ്ടര്‍ കമ്മീഷനെ രൂപീകരിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ മുന്‍ സോളിസിറ്റര്‍ ജനറലായിരുന്ന വില്യം ഹണ്ടര്‍ പ്രഭു ആയിരുന്നു ഇതിന്റെ അധ്യക്ഷന്‍. നവംബറില്‍ ഡയര്‍ കമ്മീഷനു മുമ്പാകെ ഹാജരായി, അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും മറുപടികളും ഈ വിഷയത്തില്‍ തനിക്ക് ഖേദമില്ലെന്ന് സൂചിപ്പിച്ചു. ‘ഡ്യൂട്ടിയെക്കുറിച്ചുള്ള തെറ്റായ ധാരണ’യാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയത്. ശിക്ഷാനടപടികളോ അച്ചടക്ക നടപടികളോ ശുപാര്‍ശ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തെ കമാന്‍ഡില്‍ നിന്ന് ഒഴിവാക്കി. കാരണം, സൈന്യത്തിലെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ ഡയറിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു.

അഫ്ഗാന്‍ യുദ്ധത്തിലെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പദവിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു , എന്നാല്‍ ഈ ശുപാര്‍ശ നിരാകരിക്കപ്പെട്ടു. ഡയറെ ഇന്ത്യയില്‍ കൂടുതല്‍ നിയമിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടു. 1927ല്‍ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചു. ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റെയും സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടെയും (ഇപ്പോള്‍ റോയല്‍ സൊസൈറ്റി ഫോര്‍ ഏഷ്യന്‍ അഫയേഴ്‌സ്) കാക്സ്റ്റണില്‍ നടന്ന സംയുക്ത യോഗത്തില്‍ 75 വയസ്സുള്ള പഞ്ചാബ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കിള്‍ ഒഡ്വയര്‍ 1940ല്‍ ലണ്ടനില്‍ വെച്ച് ജാലിയന്‍ വാലാബാഗിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ ഉധം സിംഗിനാല്‍ വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭീകരമായ പ്രവൃത്തികളോടുള്ള പ്രതികാരമായാണ് താന്‍ ഇത് ചെയ്തതെന്ന് സിംഗ് തന്റെ വിചാരണയില്‍ അഭിമാനത്തോടെ പറഞ്ഞു. ഈ ക്രൂരതയ്ക്ക് ബ്രിട്ടീഷ് മാപ്പ് പറയണമെന്ന് നിരവധി ആവശ്യങ്ങളുയര്‍ന്നെങ്കിലും സംഭവത്തില്‍ ‘ഖേദം’ പ്രകടിപ്പിക്കുന്നതല്ലാതെ, ഔദ്യോഗികമായി മാപ്പ് പറഞ്ഞിട്ടില്ല. 1919 ഏപ്രില്‍ 13ന് നടന്ന സംഭവങ്ങള്‍ ഒരു രാജ്യസ്‌നേഹിക്കും മറക്കാനാവില്ല. അന്ന്, കൊല്ലപ്പെട്ടവരുടെ ബഹുമാനാര്‍ത്ഥം ഇന്ന് ജാലിയന്‍വാലാബാഗില്‍ ഒരു സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിന് നൂറ്റാണ്ടുകളുണ്ടായിട്ടും ബ്രീട്ടീഷ് സര്‍ക്കാര്‍ പൂര്‍ണ്ണമായും മാപ്പ് പറയുന്നതിന് തയ്യാറായിട്ടില്ലെന്ന വേദനയോടെ ഇന്ന് ജാലിയന്‍വാലാബാഗ് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു, ജയ്ഹിന്ദ്.