ശുചിത്വ ശില്പശാലയിൽ ഹരിത കർമ്മസേനയ്ക്ക് ഐക്യദാർഢ്യം

മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസ് മലമ്പുഴ ഗ്രാമപഞ്ചായത്ത് മണ്ഡപത്തിൽ മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും ഐസിഡിഎസ് ന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ബോധവൽക്കരണ.. പ്രദർശന മേളയിൽ പാലക്കാട് ശുചിത്വ മിഷന്റെ ശുചിത്വ സന്ദേശ സ്റ്റാളും ശുചിത്വ ഭാരത.. ശുചിത്വ കേരള അവബോധന ക്ലാസ്സും തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് നവ ഊർജ്ജം നൽകി. സ്വച്ഛ് ഭാരത് അഭിയാൻ എന്ന വിഷയത്തിൽ നടന്ന ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് ഗ്രാമ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചെത്തിയ അംഗൻവാടി പ്രവർത്തകർ കേന്ദ്ര ശുചിത്വ പദ്ധതികളോടൊപ്പം അനുബന്ധമായി കേരളത്തിലെ പ്രധാന ശുചിത്വ പദ്ധതികളും ചേർത്ത് സംയോജിതമായി അവലോകനം ചെയ്തു. സ്വച്ഛത ഹി സേവ, സ്വച്ഛത കാ ദോ രംഗ്, സ്വച്ഛതാ റൺ, വലിച്ചെറിയൽ വിമുക്ത കേരളം, “മലംഭൂതം” തുടങ്ങിയ ശുചിത്വ ക്യാമ്പയിനുകളും ചർച്ച ചെയ്തു. സ്വച്ഛ് ഭാരത് മിഷനോടൊപ്പം ശുചിത്വ.. ഹരിത .. നവകേരള മിഷൻ, ക്ലീൻ കേരള തുടങ്ങിയവയുടെ പ്രവർത്തനങ്ങളും പരാമർശിക്കപ്പെട്ടു. ഖരമാലിന്യ സംസ്കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണവും ഉറവിടത്തിൽ മാലിന്യം തരം തിരിക്കൽ പൂർണ്ണമായും തരം തിരിക്കലും എം സി എഫ്, മിനി എം സി എഫ്, ആർ ആർ എഫ് തുടങ്ങിയ സംവിധാനങ്ങളുടെ പ്രാധാന്യവും വിലയിരുത്തപ്പെട്ടു. സമഗ്ര ശുചിത്വ പ്രവർത്തനങ്ങളുടെ അടിസ്ഥാന കണ്ണിയായ ഹരിത കർമ്മസേനയ്ക്കും അവരുടെ പ്രവർത്തനങ്ങൾക്കും അംഗൻവാടി പ്രവർത്തകർ ഒന്നടങ്കം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ശുചിത്വ പ്രഭാഷണം നിർവ്വഹിച്ച് ശുചിത്വ ചർച്ച നയിച്ച ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ തന്റെ സെഷൻ ഹരിത കർമ്മസേനയ്ക്ക് സമർപ്പിച്ചപ്പോൾ സദസ്സിൽ നിന്നും കരഘോഷമുയർന്നു. പ്രതിസന്ധിയിലും സാമൂഹ്യ നൻമയ്ക്കായി പൊരുതുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ വാർഡ്.. ക്ലസ്റ്റർ തല ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുമെന്ന് അംഗൻവാടി പ്രവർത്തകർ പ്രഖ്യാപിച്ചു. അവർ ശുചിത്വ സ്റ്റാൾ സന്ദർശിച്ച് ശുചിത്വ ലഘുലേഖകളും പ്രചരണപത്രികകളും ശേഖരിക്കാനും മറന്നില്ല. ശുചിത്വം, ലഹരി വിമുക്തി എന്നിവയുടെ അവബോധനത്തിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ രജിസ്ട്രേഡ് ട്രൂപ്പായ ബാലുശ്ശേരി മനോരഞ്ജൻ ആർട്സ് അവതരിപ്പിച്ച ബോധവൽക്കരണ സംഗീത നാടക അവതരണവും ഉണ്ടായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനിലെ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി, ഉദ്യോഗസ്ഥരായ എം. സുരേഷ് കുമാർ, ജിമി ജോൺസൺ തുടങ്ങിയവർ അമൃത് മഹോൽസവത്തിന് നേതൃത്വം നൽകി