—- ജോസ് ചാലയ്ക്കൽ —
പാലക്കാട് | നവമാധ്യമങ്ങളുടെ സ്ക്രീൻ പ്രതലങ്ങൾ നിറയെ ‘ പൊതിച്ചോറ് ‘ മയമാക്കി ഒരു പുസ്തക കവർ റിലീസിംഗ് വ്യത്യസ്തത തീർത്തു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ യു എ റഷീദ് അസഹരിയുടെ ആദ്യ പുസ്തകം ‘ ഒരു പൊതിച്ചോറിന്റെ സങ്കടം’ കവർ റിലീസ് ചടങ്ങാണ് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ തരംഗമായത്. അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഇത്തവണ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുറത്തിറങ്ങാൻ ഇരിക്കുകയാണ്. അതിനു മുന്നോടിയായി കഴിഞ്ഞദിവസം വൈകീട്ട് ഇന്ത്യൻ സമയം അഞ്ചുമണിക്ക് പ്രഖ്യാപിക്കപ്പെട്ട നവമാധ്യമങ്ങളിലൂടെയുള്ള കവർ റിലീസിംഗാണ് നാട്ടിലും മറു നാട്ടിലുമുള്ള രചയിതാവിന്റെ സുഹൃത്തുക്കൾ നവമാധ്യമങ്ങളിൽ അതീവ പ്രാധാന്യത്തോടെ വൻ ഹിറ്റാക്കിയത്. എഴുത്തുകാർ പ്രഭാഷകർ സാമൂഹിക പ്രവർത്തകർ ജനപ്രതിനിധികൾ മതപണ്ഡിതന്മാർ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ ആയിരക്കണക്കിന് ആളുകളാണ് കവർ റിലീസിംഗിന്റെ ഭാഗമായത്. ഫേസ്ബുക്ക് ന്യൂസ് ഫീഡിലും ഇൻസ്റ്റഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും കഴിഞ്ഞ മണിക്കൂറുകൾ ഈ പുസ്തകത്തിന്റെ പുറംചട്ട തന്നെയാണ് താരം.
ബാല്യകാല അനുഭവങ്ങളും ജീവിതയാത്രയിലെ മറക്കാനാവാത്ത സംഭവവികാസങ്ങളും ചർച്ചചെയ്യുന്ന ഇരുപതോളം അധ്യായങ്ങളുള്ള പുസ്തകമാണ് ഒരു പൊതിച്ചോറിന്റെ സങ്കടം. പ്രമുഖ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി രാജഗോപാലൻ പള്ളിപ്പുറം അവതാരിക എഴുതിയ പുസ്തകത്തിന്റെ ജനസമ്മതിയിൽ അതിരറ്റ സന്തോഷമുണ്ടെന്നും അക്ഷരജാലകം അനുവാചകർക്ക് സമർപ്പിച്ച മറ്റു മുഴുവൻ ഉപഹാരങ്ങൾ പോലെ വായനക്കാർ ഇത് ഏറ്റെടുക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നും അക്ഷരജാലകം ചീഫ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.