യുവതിയും പിഞ്ചുമക്കളും മരിച്ച നിലയിൽ; ദുരൂഹത

കോട്ടക്കൽ: വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറിൽ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ് വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സഫ് വയെ തൂങ്ങി മരിച്ച നിലയിലും മക്കൾ രണ്ടുപേരും കഴുത്തിൽ ഷാളുപയോഗിച്ച്​ കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. സംഭവത്തിനെ പിറകിലെ ദുരൂഹത മാറ്റാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.

വ്യാഴാഴ്ച പുലർച്ചെ 5.30നാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് റഷീദ് അലിയുടെ ഫോണിലേക്ക് പുലർച്ചെ 4.30 ന് സഫുവ ‘ഞങ്ങൾ പോവുകയാണ്’ എന്ന ഒരു വാട്സ്ആപ്പ് സന്ദേശം അയച്ചതിനു ശേഷമാണ് സംഭവം.

മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.