മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസ്സുകൾ നിർത്തിവെക്കേണ്ടി വരും: ടി.ഗോപിനാഥൻ

പാലക്കാട്: വടക്കഞ്ചേരിയിൽ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ സ്പീഡ് ഗവർണർ, ലൈറ്റുകൾ, എയർഹോൺ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ റോഡുകളിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി കേസുകൾ ചാർജ് ചെയ്യുന്ന നടപടികൾ നിർത്തിവയ്ക്കാത്ത പക്ഷം സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ മുന്നറിയിപ്പ് ഇല്ലാതെ നിർത്തിവെക്കുവാൻ നിർബന്ധിതമായി തീരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡ് ഉപയോഗിക്കുന്നവർ സ്വകാര്യ ബസുകൾ ആണ് എങ്കിലും അപകടനിരക്ക് ഏറ്റവും കുറവ് സ്വകാര്യ ബസുകൾക്ക് ആണ്. ഏറ്റവും എളുപ്പത്തിൽ മോട്ടോർ വാഹനവകുപ്പിന് കയ്യിൽ കിട്ടുന്ന വാഹനം എന്നനിലയിൽ സ്വകാര്യ ബസുകളെ ഇങ്ങനെ വേട്ടയാടി ഷോ കാണിക്കുന്നതിനു പകരം നിയമവിരുദ്ധ ആയി സർവീസ് നടത്തുന്ന മറ്റു വാഹനങ്ങളെ പിടിച്ചു തങ്ങളുടെ മിടുക്ക് കാട്ടാൻ എന്തു കൊണ്ട് തയ്യാറാവുന്നില്ല. മിനിമം 7500 രൂപയാണ് ഫൈൻ ഈടാക്കി കൊണ്ടിരിക്കുന്നത്.അതിനു പുറമെ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസും ഇല്ലാത്ത ഒട്ടനവധി വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ നോക്കിയാൽ അറിയമെന്നരിക്കെ അത്തരം നിയമവിരുദ്ധ വാഹനങ്ങൾക്ക് ചൂട്ടു പിടിക്കുന്നവർ പാവപ്പെട്ട ബുസുടമകളുടെ മേൽ കുതിര കയറുന്നത് നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോവിഡിന് ശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ ഒരു വിധം സർവീസ് പുനരാരംഭി ക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരത്തിൽ സ്വകാര്യ ബസ് ഉടമകളെ വേട്ടയാടുന്ന നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ പി കെ മൂസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ N വിദ്യാദരൻ, രാധാകൃഷ്ണൻ, പ്രദീപ്‌, പവിത്രൻ, ശ്രീകുമാർ,ജോയ് ചെട്ടിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.