വാക്കുവറ്റിയ വീട്

വാക്കു വറ്റിപ്പോയ ഒരു വീട് ഞാനിന്നലെ കണ്ടു
വേർപിരിഞ്ഞവനെകാത്ത് സങ്കടപ്പെട്ടിരിക്കുന്ന –
ഒരുവളെപ്പോലെ
നിശ്ശബ്ദതയടെ ആഴക്കുഴിപോലെ നടുത്തളം
നിട്ടാനീളത്തിൽ വീണുകിടക്കുന്നതുപോലെ –
ചായിപ്പ്.

വീടകങ്ങളെല്ലാം ഓരോ ഉപഭൂഖണ്ഡങ്ങളാണ്
ശൂന്യതയും,നിരാശയും തളംകെട്ടിനിൽക്കുന്നയിടം
സങ്കടത്തിൻ്റെ ഒരു കൈക്കല തുണിയുണ്ട് – അടുക്കളയിൽ
ദീർഘനിശ്വാസം പോലെ ഇടയ്ക്കുയരുന്നുണ്ട്-
പാത്രങ്ങളുടെ ചെറുസ്വനം

ചില ഗന്ധങ്ങൾ ചിലനേരങ്ങളിൽ
വാതിൽപ്പഴുതിലൂടെ വെളിയിലേക്കിറങ്ങാറുണ്ട്
ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി വാക്കുക-
ൾ വേർപിരിയാത്ത എത്ര വീടുകളുണ്ടിന്നു നാട്ടിൽ?!

എന്നായിരിക്കുമിനി
ഏകാന്തതയുടെ പുറന്തോടു പൊട്ടിച്ച്
വറ്റിപ്പോയ വാക്കുകൾ
ഉറവയിടുന്നത്
……………………..
രാജു കാഞ്ഞിരങ്ങാട്