കുരുക്ക്

ആശകളും ആഗ്രഹങ്ങളും
ഒന്നാകെ തൂക്കി വിറ്റിട്ട്
ഇനിയില്ല വെറുതെ
മോഹങ്ങളും ദാഹങ്ങളുമെന്നു-
നൂറാവർത്തിയാണയിട്ടിട്ട്
നിറഞ്ഞൊരാ മിഴികളെ
ഇറുക്കെയമർത്തി തുടച്ചിട്ട്
കണ്ണീരും കിനാവുമല്ല ജീവിതം
എന്നുറക്കെ പറഞ്ഞിട്ടവൾ
പൊഴികളിൽ പണിഞ്ഞു തീർത്തൊരാ
മുഖംമൂടിയണിയും..

രാത്രി വീണ്,
ചുറ്റിലെ മനുഷ്യർ ദൂരേക്കകന്നാൽ
അഴിച്ചു വെച്ചത്
പൊഴിച്ചു തീർക്കുമാ
പകലിന് വിതുമ്പലുകൾ,

നേരം പുലർന്നുവെങ്കിൽ
വീണ്ടുമതെടുത്തണിഞ്ഞത്
ഏറെ തിരക്കിലാവുമവൾ,

ദുഃഖം മറച്ചു വെച്ചു
സന്തോഷകപടം മൂടിയ
മുഖംമൂടിയാൽ ഒളിപ്പിച്ചു
നാട് കടത്തുമവയെ,

ഇല്ലെങ്കിലും തിരക്ക്
അഭിനയിച്ചു ഫലിപ്പിക്കുമവൾ,
കഴുത്തിൽ താലി കുരുക്ക് വീണൊരുവൾ..
………………………
ഹന അബ്ദുള്ള