വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: പാലക്കാട്-പൊന്നാനി, ഗുരുവായൂർ- നിലമ്പൂർ സംസ്ഥാന ഹൈവെയും ഒരുമിച്ചു ചേരുന്ന പട്ടാമ്പിക്കും കൂറ്റനാടിനു മിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയുടെ തെക്കുഭാഗത്തുള്ള ശില്പശിലയുടെ മുകൾ ഭാഗമാണ് തകർന്നു വീണത്.
നൂറു കണക്കിന് ടോറസ് ലോറികളും കണ്ടെയ്നർ വാഹനങ്ങളും ഇരമ്പി പായുന്ന നിരത്തോരത്താണ് കോട്ട നിലകൊള്ളുന്നത്. അജ്ഞാത വാഹനം ഇടിച്ചാണ് ശില്പശില പൊളിഞ്ഞു വീണത്.
സംരക്ഷിക്കാൻ നാഥനില്ലാത്തതിനാൽ നൂറ്റാണ്ടുകളായി കോട്ട അനാഥാവസ്ഥയിലാണ്.
ചതുരാകൃതിയിലുള്ള ഈ കരിങ്കൽ ശില്പം കരവിരുതിന്റേയും നിർമ്മാണ വൈദഗ്ദ്യത്തിന്റേയും സമ്മോഹന സ്മാരകമാണ്. ദക്ഷിണേന്ത്യ മുഴുവൻ നൂറ്റാണ്ടുകളോളം ബുദ്ധ- ജൈനമതങ്ങളുടെ സ്വാധീനതയിലായിരുന്ന കാലത്ത് നിർമ്മിച്ചതാണിത്. കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമാണ് കാണുന്നതെന്ന് ചരിത്ര ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. ജൈന – ബുദ്ധമത ആസ്ഥാനങ്ങളോട് ബന്ധപ്പെട്ടാണ് ‘കട്ടിൽ ‘ എന്ന പദം പ്രയോഗിച്ചിരുന്നതെന്ന് ചരിത്ര ഗവേഷകനായിരുന്ന ഡോ.എൻ.എം.നമ്പൂതിരി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ചുരം വഴി ഭാരതപ്പുഴയുടെ തീരഗ്രാമങ്ങളിൽ ഒട്ടനവധി കുടിയേറ്റങ്ങൾ അക്കാലത്ത് നടന്നിരുന്നു. അതു കൊണ്ടു തന്നെ ബൗദ്ധരുടെ ഒട്ടനവധി ചരിത്രാവശിഷ്ടങ്ങൾ നിളാതടത്തിലുണ്ട്. അതിലൊന്നാണ് അപൂർവ്വ സ്മാരകമായ കട്ടിൽ മാടം കോട്ട. ഗോപുര സ്തംഭം, വാതായന സ്ഥാനം എന്നീ അർത്ഥങ്ങളാണ് കട്ടിൽ എന്ന വാക്കിന് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.
കണ്ണിന് കൗതുകം പകർന്നു നൽകുന്നതും ചരിത്രാന്വേഷികളെ ആകർഷിക്കുന്നതുമായ ഈ കരിങ്കൽ ശില്പത്തിന്റെ നിർമ്മിതിക്ക് പിന്നിൽ ജൈനരാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തൃത്താലയുടെ എതിർ കരയിലുള്ള പള്ളിപ്പുറം കുളമുക്ക് ഗ്രാമം നൂറ്റാണ്ടുകൾക്കു മുമ്പ് കുളമുഖം പട്ടണമായിരുന്നുവെന്നും
1233 ലെ ഒരു കന്നഡ ലിഖിതത്തിൽ ഈ പട്ടണത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ടെന്നും ചില ഗവേഷകർ എഴുതിയിട്ടുണ്ട്. അറബിക്കടലിൽ നിന്ന് ഭാരതപ്പുഴയിലൂടെ അക്കാലത്ത് ജലഗതാഗതം സജീവമായിരുന്നതിനാൽ വ്യാപാരത്തിന് വന്ന ജൈനരാണ് ഗോപുര സ്തംഭം നിർമ്മിച്ചത് എന്നാണ് നിഗമനം. 2004 ജനവരിയിൽ ലാൻറ് റവന്യൂ കമ്മീഷണർ കട്ടിൽ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. പൊതുനിരത്തിനോട് തൊട്ടു കിടക്കുന്ന ചരിത്ര സ്മാരകം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പുകാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയിട്ടും പുരാവസ്തു വകുപ്പുകാരും സംരക്ഷണ പരിചരണ നടപടികൾ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. കാലപ്പഴക്കത്താൽ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിരുന്നില്ല. എന്നാൽ ഇപ്പോഴാവട്ടെ പിൻഭാഗത്തോട് ചേർന്ന കോണിലാണ് കല്ല് അടർന്ന് നാശം സംഭവിച്ചത്. കോട്ടയുടെ ഉൾവശം ചെറിയൊരു കിണർ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളും ചുമരെഴുത്തുകളും മാത്രമേ കാണാനാവുകയുള്ളൂ.
അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അപൂർവ്വ കരിങ്കൽ ശില്പം കൃത്യമായി പരിചരിക്കാനും, ശാശ്വതമായി സംരക്ഷിക്കാനും പൂർവ്വ ചരിത്ര സ്മൃതി സംബന്ധിച്ച് സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാനും സംവിധാനം ഒരുക്കേണ്ടതാണ്. പൂർവ്വസൂരികളോട് കൃതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം വരും തലമുറയുടെ പഠനത്തിനും ഗവേഷണങ്ങൾക്കും വേണ്ടി കാത്തു സൂക്ഷിക്കുന്നതിനും നമുക്ക് ബാധ്യതയുണ്ടെന്ന് ഭരണം കൂടങ്ങൾ തയ്യാറാവെണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.