ഓണാഘോഷത്തെ ആഗോള ഉൽസവമായി പ്രഖ്യാപിക്കണം… സൗഹൃദം ദേശീയ വേദി

പാലക്കാട്: ലോകമെമ്പാടും ആഘോഷിക്കുന്ന ഓണാഘോഷത്തെ ആഗോള ഉൽസവമായി പ്രഖ്യാപിക്കണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. മാലോകരെല്ലാവരേയും ഒന്നായി കാണുന്ന നമ്മുടെ മഹത്തായ സംസ്കാരത്തെ പുറം ദേശങ്ങളിൽ എല്ലാവരും ഇനിയും കൂടുതൽ വിപുലമായി ആഘോഷിക്കുവാൻ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനും സംസ്ഥാന.. കേന്ദ്ര സർക്കാരുകൾ മുന്നോട്ടുവരണമെന്നും സൗഹൃദം ദേശീയ വേദിയുടെ ഭാരവാഹികളായ പി.വി. സഹദേവൻ, ശ്രീജിത്ത് തച്ചങ്കാട്, കെ. മണികണ്ഠൻ എന്നിവർ ആവശ്യപ്പെട്ടു.
നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷവേള. മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം.

ഓണം ഇന്ന് കേരളീയരുടെ ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. അന്യദേശങ്ങളില്‍ മലയാളികള്‍ എത്തുകയും അവിടെയെല്ലാം ഓണം ആഘോഷിക്കുകയും ചെയ്യുന്നത് പതിവായി.ഓണം ഇന്ന് രാജ്യത്തും ലോകത്തും എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്. തമിഴകത്തെത്തിയാല്‍ കാണാം, അവിടെ മലയാളികള്‍ അധികം ഇല്ലാത്ത ഇടങ്ങളില്‍ പോലും തമിഴ് ജനതയുടെ നേതൃത്വത്തില്‍ ഓണം ആഘോഷിക്കുന്നത്.

കര്‍ണാടകയിലായാലും തെലുങ്ക് ദേശത്തായാലും ഉത്തരേന്ത്യയിലായാലും ഇതുതന്നെ സ്ഥിതി. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയ്യാര്‍. അവര്‍ക്കൊപ്പം ആ നാട്ടുകാരും കൂടുമ്പോള്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ആഗോള ആഘോഷമായി മാറുന്നു. ആഘോഷങ്ങളും കളികളും പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.

മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം. പ്രകൃതിയും ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു.

വിളവെടുപ്പിന്‍റെ ഉത്സവമായ നമ്മുടെ ഓണം ആഗോള കാർഷികോൽസവമായി മാറണമെന്ന് കേരളീയർ മാത്രമല്ല കേരളീയരല്ലാത്ത ഭാരതീയരും ഭാരതീയരല്ലാത്ത മാലോകരും ആഗ്രഹിക്കുന്നു. ലോക നൻമയുടേയും ആഗോള സമൃദ്ധിയുടേയും ഉൽസവമായി നമ്മുടെ ഓണാഘോഷം മാറി കൊണ്ടിരിക്കുകയാണെന്നും പ്രജകൾ ആമോദത്തോടെ കഴിഞ്ഞ മഹാബലി ചക്രവർത്തിയുടെ ഭരണകാലം എന്നെന്നും ലോക ഭാണാധികാരികൾക്ക് മാതൃകയാണെന്നും ഈ മാതൃകയെ എല്ലാ ഭരണാധികാരികളും നെഞ്ചിലേറ്റുമെന്നും ഭാരവാഹികൾ പറഞ്ഞു.