ഉമ്മ

എന്റെ കുടപ്പുറത്ത് കിലുങ്ങുന്ന മഴത്തുള്ളികളെ തട്ടിത്തെറിപ്പിക്കാൻ മോഹം

കുഞ്ഞരിപ്പല്ലു കാട്ടിച്ചിരിക്കുമൊരുകുസൃതിയായ് മനം മഴയിൽ രമിയ്ക്കവേ

കുടപ്പുറത്തെ മഴനനവാറാൻ കാത്തു നില്ക്കവേ

ഉമ്മയുടെ കൺകോണിലെ ശാസനയ്ക്കു മുമ്പിൽ ചൂളുന്നു.

“മഴ നനഞ്ഞ് പനി പിടിയ്ക്കാനോ…?’

വടിക്കമ്പ് മാറ്റിവെച്ച് തല തുവർത്തിയ്ക്കുന്ന ഉമ്മ

ഉമ്മയിന്ന് കട്ടിലിൻമേലാണല്ലോ

ഏറെയൊന്നും താഴെയിറങ്ങാത്ത കാലുകളുമായി

എല്ലിനൊപ്പം ചേർന്നു നില്ക്കുന്ന കമ്പിക്കഷ്ണങ്ങളുമായി…..

കുസൃതിത്തരങ്ങളും കുട്ടിക്കുറുമ്പുകളുമായി

ഇനിയെന്ന് ഉമ്മയെ പിറകിലാക്കി പാഞ്ഞൊളിക്കും….?

ഉമ്മ ചക്രക്കസേരയിലാണ് – ഊന്നു വടിയിലും……

എത്രയെത്ര ചുവടുകൾ വെച്ച കാലുകൾ

ഇന്നിങ്ങനെയൊക്കെയാണല്ലോ…..!!

*നുസ്റത്ത്. എം.ടി. ചുനങ്ങാട് *