പട്ടാമ്പി | കലാകാരന്മാർ ഇപ്പോൾ ഭീതിയുടെ നിഴലിലാണെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കൂറ്റനാട് നടന്ന നന്മ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം വി.ടി.ഭട്ടതിരിപ്പാട് നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
നിർഭയമായ ഒരന്തരീക്ഷത്തിലാണ് ഇന്ന് കലകൾ. നോവലും, കഥയും, ചിത്രവും, പാട്ടുമൊക്കെ കലാകാരന്മാർ ആവിഷ്ക്കരിക്കുമ്പോൾ പലതിനേയും നേരിടേണ്ടി വരുന്നു. എഴുതിയതിന്റെ പേരിലും, വരച്ചതിന്റെ പേരിലും ഇന്നും കലാകാരന്മാർ വേട്ടയാടപ്പെടുന്നു. കലാകാരന്മാർ രാജ്യം വിട്ട് പോവേണ്ടവരാണെന്ന തരത്തിലേക്ക് ഇന്നത്തെ അവസ്ഥ മാറിയിരിക്കുന്നു. സ്വാതന്ത്ര്യമില്ലാത്ത അന്തരീക്ഷത്തിൽ കലാകാരന് ആവിഷ്ക്കാരം നടത്താനാവില്ല എന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ തനിമ പ്രസിദ്ധീകരിച്ച നിളയലകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും സ്പീക്കർ നിർവ്വഹിച്ചു. കൂടാതെ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും, കലാകാരന്മാരായ ടി.വി.എം. അലി, അപ്പുണ്ണി, പ്രൊഫ. അബ്ദുൾ കരീം മാസ്റ്റർ, വിജയൻ ചാത്തന്നൂർ, കൃഷ്ണദാസ് ആനക്കര, സുഷമ ബാലൻ കുറ്റിക്കോട്, ജോർജ് പാലപ്പറമ്പിൽ , ബിജുമോൻ പന്തിരുകുലം, ഭവാനി യുകെ നായർ , പ്രതീഷ് ആലിപ്പറമ്പ്, രാഘവൻ കുന്നത്തേരി , പി.പി.പ്രഭാകരൻ, ഭവദാസ് മാരാത്ത്, ഹംസ, ഗുരുവായൂർ രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ് പയ്യനെടം, രവി കേച്ചേരി, മനോമോഹൻ , ടി.വി.എം. അലി, അച്ചുതൻ രംഗ സൂര്യ, ഹുസൈൻ തട്ടത്താഴത്ത്, ജാനമ്മ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ തില്ലാന സ്വാഗതവും, പി.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.പി.എസ്. പയ്യനെടം (പ്രസി) അച്ചുതൻ രംഗ സൂര്യ (സെക്ര) സുഭഗൻ തെറ്റാലിക്കൽ (ഖജൻ ജി) എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു.