കേരളത്തിൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന സ്വകാര്യ മേഖലയെ ഇടതു നയം തകർച്ചയിലേക്ക് നയിക്കുകയാണെന്ന് ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു. ഫെബ്രുവരി 9, 10, 11 തിയതികളിൽ പാലക്കാട് നടക്കുന്ന ബി എം എസ് സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കാര്യാലയത്തിൽ വെച്ചു നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ ഇതര തൊഴിലാളി സംഘടനാ നേതാക്കളും കേന്ദ്ര മന്ത്രിമാരും തൊഴിൽ വിദഗ്ധരും പങ്കെടുക്കും. സ്വകാര്യ മേഖലയിലെ പ്രതിസന്ധികളും പരിഹാരവും എന്ന വിഷയത്തെ അധികരിച്ച് ജനുവരി 24 ന് വൈകുന്നേരം കഞ്ചിക്കോട് വെച്ച് നടക്കുന്ന സെമിനാർ ബി എം എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.ശശി, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ് വിജയൻ കുനിശ്ശേരി, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ് മനോജ് ചിങ്ങന്നൂർ പി എം എ സെക്രട്ടറി ഡോ.പി. ശിവദാസ്, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം വൈസ് പ്രസിഡൻ്റ് കിരൺകുമാർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
ഫെബ്രുവരി 1 ന് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിക്കും.
ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരൻ, ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവർ സംസാരിച്ചു.