ഏബിൾ. സി. അലക്സ്
തിരുവനന്തപുരം: സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് അനന്തപുരിയിലെത്തി. സൂര്യയുടെ ജയ്ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാനായിട്ടാണ് സൂപ്പർ സ്റ്റാർ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത് . ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലെ ഡൊമസ്റ്റിക്ക് വിഭാഗത്തിൽ വന്നിറങ്ങിയത് . കാക്കി നിറത്തിലുള്ള സിൽക്ക് ടീ ഷർട്ടും കറുത്തപാന്റുമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പുറത്തേക്കിറങ്ങിയ രജനീകാന്തിനെ ഹർഷാരവത്തോടെയാണ് ആരാധകർ ദൂരെനിന്ന് വരവേറ്റത്. അതീവ സുരക്ഷയൊരുക്കിയിരിക്കുന്നതിനാൽ താരത്തിനടുത്തേക്ക് പോകാൻ പൊലീസ് ആരെയും അനുവദിച്ചില്ല. എട്ടാം തീയതി വരെ അദ്ദേഹം തലസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിവരം. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജനികാന്തിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയും ശംഖുമുഖത്തെ ഒരു വീട്ടിലും അതിന് ശേഷം വെള്ളായണി കാർ
ഷിക കോളേജിലും ഒരു ദിവസം തൈക്കാട് കിറ്റ്സിലുമാണ് രജനികാന്ത് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സന്ദർശി ക്കാൻ ആഗ്രഹമുണ്ടെന്ന് രജനികാന്ത് അറിയിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ സന്ദർശന സമയം പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ പൊലീസ് സൂപ്രണ്ടിന്റെ വേഷത്തിലാണ് സ്റ്റൈൽ മന്നൻ അഭിനയിക്കുന്നതെന്നും വിവരമുണ്ട്. ജയിലറുടെ ഗംഭീര വിജയത്തിന് ശേഷം ഇതാദ്യമായാണ് രജനികാന്ത് കേരളത്തിലെത്തുന്നത്. നേരത്തെ കൊച്ചടിയൻ എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കാനും രജനികാന്ത് തിരുവനന്തപുരത്ത് വന്നിരുന്നു.
അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്ര ത്തിലെ മറ്റു പ്രധാന താരങ്ങൾ. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘തലൈവർ 170’, നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.