ഒലവക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ സംരക്ഷണഭിത്തിയില്ലാത്ത കനാലിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വീണു.ചെളിയും വെള്ളവുമുള്ളതിനാൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സായിജെങ്ങ്ഷനടുത്താണ് ഈ അപകടകനാൽ ഉള്ളത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നു് ദൃക്ക് സാക്ഷികൾ പറഞ്ഞു. മലമ്പുഴ സ്വദേശി അനിലും കൂട്ടുകാരനുമാണ് അപകടത്തിൽ പെട്ടതെന്ന് സംഭവസ്ഥലത്ത് കൂടി നിന്നവർ പറഞ്ഞു.
ഉണ്ടായിരുന്ന സംരക്ഷണഭിത്തി വാഹനമിടിച്ച് തകർന്നു് പോയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പുനർനിർമ്മിക്കുകയോ അപകടസൂചന നൽകുന്ന ബോർഡുകളോ ഇവിടെ സ്ഥാപിച്ചീട്ടില്ല . പലപ്പോഴും പൊന്തക്കാടുകൾ നിറഞ്ഞു നിൽക്കാറുണ്ട്. മാത്രമല്ല ചില്ലു കുപ്പികളടക്കം മലിന്യങ്ങളും ഇതിൽ നിറഞ്ഞു കിടക്കുന്നുണ്ട്. രാത്രിയായാൽ ഈ പ്രദേശത്ത് തെരുവുവിളക്കുകളില്ല. എതിരെ വരുന്ന വാഹനത്തിൻ്റെ പ്രകാശം കണ്ണിൽ തട്ടിയാൽ ഈ കനാൽ കാണില്ല. അതു കൊണ്ട് തന്നെ രാത്രിയിൽ അപകട സാധ്യത കൂടുതലാണ്.അപകടം പതിയിരിക്കുന്ന കനാലിൻ്റെ വാർത്ത പല തവണ വാർത്തയാക്കിയിരുന്നു.