പ്രൊഫ. മൻമഥന്റെ ജീവിതം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തണം: കേരള മദ്യനിരോധന സമിതി

പാലക്കാട്: സാമൂഹ്യ നൻമയ്ക്കായി ജീവിതം സമർപ്പിച്ച, നിരവധി ത്യാഗോജജ്വല പോരാട്ടങ്ങൾക്ക് നായകത്വം വഹിച്ച ബഹുമുഖ പ്രതിഭയായ പ്രൊഫ. എം.പി. മൻമഥന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ നൻമയിൽ അടിയുറച്ചും ആദർശങ്ങളിൽ തെല്ലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെയും നാടിന് വേണ്ടി നിലകൊണ്ട മഹാ പ്രസ്ഥാനമായ അദ്ദേഹത്തിന്റെ ജീവിതം പുതു തലമുറയ്ക്ക് പകർന്നു നൽകേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണെന്ന കാര്യം മറന്നു കൂടെന്നും യോഗം ഓർമ്മിപ്പിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ലഹരിയിൽ നിന്നുള്ള സ്വാതന്ത്ര്യം” എന്ന സംസ്ഥാന തല ഓപ്പൺ സെമിനാറിനൊപ്പമാണ് പ്രൊഫ. മൻമഥൻ അനുസ്മരണവും നടന്നത്. കറകളഞ്ഞ ഗാന്ധിയൻ, മദ്യവിരുദ്ധ പ്രസ്‌ഥാനത്തിന്റെ അമരക്കാരൻ, കഥാപ്രസംഗകൻ, അധ്യാപകൻ, പത്രാധിപർ, കവി, നടൻ എന്നിങ്ങനെ ബഹുവിധ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. പണത്തിന്റെയും അധികാരത്തിന്റെയും വഴികളിൽ നിന്ന് അദ്ദേഹം എന്നും മാറിനടന്നു. ധാർമിക മൂല്യങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്ന് അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു.

1914 മേയ് ഒന്നിന് ആലപ്പുഴയിലാണു ജനനം. ആലുവ യുസി കോളജിൽ നിന്നു ബിഎ ജയിച്ചു. പാവപ്പെട്ട വിദ്യാർഥികൾക്കായി എൻഎസ്‌എസിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ മലയാളം സ്‌കൂൾ തുടങ്ങാൻ മുന്നിട്ടിറങ്ങിയതോടെയാണ് സാമൂഹിക പ്രവർത്തനങ്ങൾക്കു തുടക്കമായത്. വള്ളത്തോളിന്റെ ‘മഗ്‌ദലനമറിയം’ കഥാപ്രസംഗമായി അവതരിപ്പിച്ചു കയ്യടി നേടിയ മന്മഥൻ സ്‌കൂളിനു പണം പിരിക്കാനും അതേമാർഗം പരീക്ഷിച്ചു. 15 വർഷം നീണ്ട കഥാപ്രസംഗ കലാജീവിതത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.

1935 ൽ ഗാന്ധിജിയെ ആലുവയിൽ കണ്ടതാണു മന്മഥന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. എൻഎസ്‌എസ് കോളജുകളുടെ ഫണ്ട് ശേഖരണത്തിനായി ഉൽപന്നപ്പിരിവ് എന്ന പുതുമയുള്ള പരിപാടി മന്മഥൻ ആവിഷ്‌കരിച്ചു. ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി’ എന്ന സർവമതപ്രാർഥന, പന്തളം കെ.പി. രചിച്ചത് ഈ പരിപാടിക്കു വേണ്ടിയായിരുന്നു.

1952 ലാണു മുംബൈയിൽ ജയപ്രകാശ് നാരായണനെ കാണുന്നതും സർവോദയ പ്രസ്‌ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതും. 1980 ലാണ് കേരള മദ്യനിരോധന സമിതി പ്രസിഡന്റായത്. 1994 ഓഗസ്‌റ്റ് 15നു മരണം വരെയും അദ്ദേഹം പ്രസ്‌ഥാനത്തിനു നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം അദ്ദേഹത്തിന്റെ പ്രിയ ശഷ്യനും സഹപ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.ശശികുമാർ നിർവ്വഹിച്ചു. പ്രൊഫ. മൻമഥന്റെ ദൗഹിത്രൻ ആർ.രഘു മുഖ്യപ്രഭാഷണം നടത്തി. മൻമഥന്റെ ജീവിത ദർശനങ്ങളെക്കുറിച്ചും പോരാട്ടങ്ങളെങ്ങറിച്ചും ഇരുവരും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് അറിവ് പകർന്നു നൽകി. ലഹരിയിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ ലഹരി വ്യാപനം പൂർണ്ണമായും തടയുക, ലഹരി വിമുക്തി പ്രവർത്തനങ്ങൾ ആത്മാർത്ഥമായും അതിശക്തമായും നടപ്പിലാക്കുക, സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രൊഫ. ടി.എം.. രവീന്ദ്രൻ( സംസ്ഥാന പ്രസിഡന്റ്) സഖറിയാസ് തേക്കും കാട്ടിൽ(ജന:സെക്രട്ടറി),സിദ്ദീഖ് മൗലവി(ട്രഷറർ) പി.മോഹനകുമാരൻ,അലവിക്കുട്ടി ബാക്കവി, കെ.വി. പുണ്യകുമാരി, ,ലക്ഷ്മിപത്മനാഭൻ, ആർ.തങ്കം, ബീന, കെ.മണി കണ്ഠൻ,സി.കൃഷ്ണൻകുട്ടി, പി.സിദ്ധാർഥൻ,ശ്രീജിത്ത് തച്ചങ്കാട് , അക്ഷയ് സി.,ബാലകൃ ഷ്ണൻ.കെ.ഡി. , കരുണാകരൻ കെ.പി.തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആർ.ശിവദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ സ്വാഗതവും ജില്ലാ ട്രഷറർ ടി .എൻ.ചന്ദ്രൻ നന്ദിയും പറഞ്ഞു.