കെ എസ് ആർ ടി സി യിൽ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾ പരാജയപ്പെടുമ്പോൾ, “അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ” എന്ന പോലെ പഴി മുഴുവൻ പണിയെടുക്കുന്ന തൊഴിലാളികളുടെ മേൽ ചാരി തടി തപ്പുന്ന സ്ഥിരം ശൈലി തന്നെയാണ് കട്ടപ്പുറത്തെ ബസ്സുകളുടെ കാര്യത്തിൽ അട്ടിമറിയെന്ന മാനേജ്മെൻ്റിൻ്റെ പ്രചരണത്തിന് പിന്നിലുള്ളത്. കോവിഡ് കാലത്ത് ഇടിച്ചൊതുക്കി നശിപ്പിച്ചതും രണ്ടര വർഷത്തിലധികമായി കാടും പടർപ്പുമായി തുരുമ്പെടുത്ത് കട്ടപ്പുറത്തിരിക്കുന്ന 2880 ബസ്സുകൾ സർവീസ് യോഗ്യമാക്കാൻ ഇരട്ടി അദ്ധ്വാനവും സമയവും വേണ്ടിവരുമെന്നത് സൗകര്യപൂർവ്വം വിസ്മരിച്ച് മാനേജ്മെൻ്റ് നടത്തുന്ന പ്രചരണം അപലപനീയമാണ്. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ബസ്സുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയാൽ, അത് കണ്ട് ഭയന്ന് അറുപഴഞ്ചൻ ബസ്സുകളുടെ പ്രവർത്തനക്ഷമത വർദ്ധിക്കില്ല. ബസ്സുകൾ കട്ടപ്പുറത്തിരിക്കുന്നത്, സിംഗിൾ ഡ്യൂട്ടി വിഷയവുമായി കൂട്ടിക്കെട്ടേണ്ടതില്ല. മെക്കാനിക്കൽ വർക്ക് നോംസ് പരിഷ്ക്കരിക്കുന്നതിന് മുമ്പ് ആധുനിക യന്ത്രസാമഗ്രികളും വർക്ക്ഷോപ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് എംപ്ലോയീസ് സംഘ് ആദ്യം മുതൽ ആവശ്യപ്പെടുന്നതാണ്.
മെക്കാനിക്കൽ ജീവനക്കാർ പണിയെടുക്കുന്നില്ലായെന്ന് പത്ര മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയല്ല വേണ്ടത്. എക്സിക്യുട്ടീവ് ഡയറക്ടർ (ടെക്നിക്കൽ) മുതൽ അസിസ്റ്റൻ്റ് ഡിപ്പോ എഞ്ചിനീയർ വരെയുള്ള ഉദ്യോഗസ്ഥ ശ്രേണിയുടെ വീഴ്ച സമ്മതിക്കേണ്ടി വരും. യഥാസമയം സ്പെയർ പാർട്സുകൾ ലഭ്യമാവാത്ത സാഹചര്യത്തിൽ കട്ടപ്പുറത്തിരിക്കുന്ന ബസ്സുകളിൽ നിന്നും സ്പെയർ പാർട്സുകൾ ഇളക്കിയെടുക്കുന്ന അധിക ജോലി ചെയ്താണ് പലപ്പോഴും പല ബസ്സുകളും സർവീസ് യോഗ്യമാക്കുന്നത്. ഇതൊന്നും പരിഹരിക്കാതെ മെക്കാനിക്കൽ ജീവനക്കാരെ പഴിചാരി തടി തപ്പാനുള്ള മാനേജ്മെൻ്റ് തന്ത്രം അപഹാസ്യമാണ്.
2017 മുതൽ ലൈലാൻ്റ് കമ്പനിക്ക് കുടിശ്ശികയിട്ടതും, സ്പെയർ പാർട്സുകൾ ലോക്കൽ പർച്ചേസ് ചെയ്യുന്നതും മെക്കാനിക്കൽ ജീവനക്കാരല്ല. പഴയ സ്പെയർ പാർട്സുകൾ ഉപയോഗിച്ച ശേഷം പുതിയതിൻ്റെ ബില്ലുകൾ സമർപ്പിക്കുന്നുവെങ്കിൽ കെഎസ്ആർടിസിയിലെ വിജിലൻസ് വിഭാഗത്തെ പിരിച്ചുവിടുകയാണ് വേണ്ടത്. പുതിയ ബസ്സുകൾ സ്വിഫ്റ്റ് കമ്പനിക്ക് നൽകി പഴയ ബസ്സുകളുമായി സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ജീവനക്കാരെ പരസ്യമായി അവഹേളിക്കുന്നത് അവസാനിപ്പിക്കണം.
മെക്കാനിക്കൽ വിഭാഗത്തെ അഴിച്ചുപണിയുകയല്ല, ആധുനിക യന്ത്ര സാമഗ്രികൾ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് അജയകുമാർ പ്രതികരിച്ചു.