ദേവീക്ഷേത്രത്തിലെ ഉത്സവമാണിന്ന്. ഉച്ചയൂണിന്ശേഷം അപ്പൂപ്പനോടൊപ്പം പുറപ്പെട്ട ഉണ്ണിയോട് അമ്മ പറഞ്ഞു. ഉണ്ണീ അപ്പൂപ്പനെവിട്ട് എവിടേക്കും പോവരുത് ട്ടോ. …ശരി അമ്മേ.അവൻ വിനയത്തോടെ മറുപടി പറഞ്ഞു. ഉണ്ണി അപ്പൂപ്പനോട് പറഞ്ഞു അപ്പൂപ്പാ ഞാൻ രണ്ടാംക്ലാസ്സിൽ പഠിക്കണകുട്ടിയല്ലേ. എന്നെ തോളിലേറ്റി നടക്കണ്ടാട്ടോ…എൻ്റെ ക്ലാസ്സിൽ പഠിക്കുന്ന പിള്ളേര് കണ്ടാൽ എന്നെ കളിയാക്കിച്ചിരിക്കും.ശരി. എന്നാൽ നമുക്ക് നടക്കാം. അപ്പൂപ്പൻ പറഞ്ഞു. ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് അമ്പലം. ഉത്സവപ്പറമ്പ് ലക്ഷ്യമാക്കി അവർ നടന്നു. ഉണ്ണി അപ്പൂപ്പനോട് ഉത്സവത്തിന്റെ കഥകളെക്കുറിച്ചും, ഐതിഹ്യങ്ങളെക്കുറിച്ചും പലതും ചോദിച്ചു മനസ്സിലാക്കി. ഉത്സവപ്പറമ്പിലെത്തിയ ഉണ്ണി അപ്പൂപ്പനോട് പറഞ്ഞു അപ്പൂപ്പാ എന്നെയൊന്ന് അപ്പൂപ്പൻ്റെ തോളിൽ ഇരുത്താമോ… എനിക്കൊന്നും കാണാൻ പറ്റുന്നില്ല.തോളത്തിരുന്നാൽ ഉണ്ണീടെ കൂട്ടുകാർ കണ്ടാൽകളിയാക്കില്ലെയെന്ന് പറഞ്ഞെങ്കിലും, അപ്പൂപ്പൻ ഉണ്ണിയെ എടുത്ത് തോളത്തിരുത്തി.തായമ്പക നടക്കുന്നിടത്ത് ചിലരുടെ കൈകളിൽ കെട്ടിയ വ്യത്യസ്ത നിറങ്ങളിലുള്ള റിബ്ബണുകളും, നീളത്തിലുള്ള ബലൂണുകളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. താളമേളങ്ങൾക്കൊപ്പം അവർ കൂവിക്കൊണ്ട് ആർപ്പുവിളിച്ചു ചാടിത്തിമർക്കുന്നു.അപ്പൂപ്പാ,.. ദേ അങ്ങോട്ട് നോക്കൂ..നമുക്ക് അങ്ങോട്ട് പോയാലോ. പൂരപ്പറമ്പിൽ നിരന്നു നിൽക്കുന്ന ആനകളുടെ തണലിൽ നിൽക്കുന്ന ആളുകളെ ചൂണ്ടി അവൻ പറഞ്ഞു..മോനേ അവിടെ പോകുന്നത് അപകടമാണ്. ആനയുടെ തണലിൽ നിൽക്കുന്ന ആ കാണുന്ന ആളുകൾ ആനയുടെ പാപ്പാന്മാരാണ്. മാത്രമല്ല അവിടെ പൊരിവെയിലത്ത് നമുക്ക് നിൽക്കാനാവില്ല. പാവം ആനകൾ., പൊരിവെയിലത്ത് എത്ര കഷ്ടപ്പാടുകൾ സഹിച്ചാണല്ലേ അവ അവിടെ നിൽക്കുന്നത്. ഉണ്ണി പറഞ്ഞു.മോനേ, ഇത്തരത്തിലുള്ള പല കാഴ്ചകളും, ജീവിതത്തിൽ നമുക്കേവർക്കും നൽകുന്നത് ഓരോ ഗുണപാഠങ്ങളാണ്.
ഒരാളുടെ ത്യാഗത്തിന്റെയും, സഹനത്തിന്റെയും പ്രതിഫലമാണ് മറ്റൊരാളുടെ സുഖം. ഉണ്ണിയേയും തോളിലേറ്റി അപ്പൂപ്പൻ മറ്റൊരിടത്തേക്ക് നീങ്ങി. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള വർണ്ണശബളമായ പൂക്കാവടിക്കു ചുറ്റും ആൾക്കൂട്ടം. കുറച്ചുസമയത്തിനുശേഷമാണ് ഉണ്ണി പൂക്കാവടിയേന്തിയ ആളുകളെ കണ്ടത്.അപ്പൂപ്പൻ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് ഇപ്പഴാ എനിക്കു മനസ്സിലായത്. അപ്പൂപ്പാ എന്നെയൊന്ന് താഴെയിറക്കാമോ… ഏറെ നേരമായി അപ്പൂപ്പൻ്റെ തോളിൽ ഇരിക്കുന്നു. ഉണ്ണി പറഞ്ഞു. എൻ്റുണ്ണീ…, അപ്പൂപ്പന്റെ തലയിൽ മുറുകെപ്പിടിച്ചു കൊണ്ട് അവിടെത്തന്നെ ഇരുന്നോ, ട്ടോ….അപ്പൂപ്പൻ താളമേളങ്ങൾക്കരികിലൂടെ ഉണ്ണിയെ എടുത്ത് പൊയ്കുതിരയുടെ കളിനടക്കുന്നിടത്തെത്തി. ഭക്തന്മാരായ ദേശവാസികളുടെ ബലിഷ്ഠമായ കരങ്ങളിൽ നിന്ന് ഉയർന്നു പൊങ്ങുന്ന കുതിരകളിയെനോക്കി ഉണ്ണി ഉറക്കെ പാടി. ചാടുന്നകുതിരേ, ആടുന്നകുതിരേ, ഉയർന്നു പൊങ്ങി താഴുന്നകുതിരേ നീയാണല്ലേ പൊയ്ക്കുതിര.