ഇടുങ്ങിയ ഹൃദയതെരുവിൽ
അലഞ്ഞു തിരിയുന്ന
നിശബ്ദതയുടെ
ഈരടികൾ
ഇനിയും തീരാത്തയാത്രയിൽ
വാക്കുകൾ ആരെയോ പ്രാകികൊണ്ട് നടന്നകന്നു
ഗതികേടുകളുടെ ഘോഷയാത്രക്ക്
അനുമതിയില്ലെന്ന്
വെളുക്കെ ചിരിയുടെ
മേലാളന്മാർ
ഇനിയൊരു അറിയിപ്പ്
വരുംവരെ
ആരും ചിന്തിക്കുകയോ ചിരിക്കുകയോ പാടില്ലെന്ന് വാറോലയുടെ
വാൾ തലപ്പുകൾ
കള്ളം കടിച്ചു വലിച്ച്
പല്ലിന്റെ മേൽകോയ്മ
പോയതിൽ ആകുലപ്പെടുന്ന
ഉഷ്ണരോഗികൾ
കരയാൻ മടിക്കുന്നത്
ചിരിക്കാൻ ഇഷ്ട്ടമില്ലാതെന്ന്
നിലാവിന്റെ കൂട്ടുക്കാർ
മറുത്ത്പറയാത്തത്
വില്പനയ്ക്ക് വിലയില്ലാത്തത് കൊണ്ടെന്ന് പറഞ്ഞവർ
വാക്കുകളുടെ
തെളിച്ചമില്ലായ്മയിൽ
കുടുങ്ങികിടക്കുകയാണിപ്പോഴും