— ജോസ് ചാലയ്ക്കൽ —
പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി തേര് മഹോത്സവം നവംബർ 14 , 15 ,16 തീയതികളിൽ ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ മുന്നോടിയായി തേരുകൾ പുതുക്കിപ്പണിയുന്ന പണികൾ ആരംഭിച്ചു കഴിഞ്ഞു . ചാത്തപുരം ഗണപതി ക്ഷേത്രത്തിലെ തേരിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിക്കഴിഞ്ഞു. തനിമ ഒട്ടും നഷ്ടപ്പെടാതെയാണ് അറ്റ കുറ്റപ്പണികൾ നടത്തുന്നതെന്ന് സെക്രട്ടറി മുരളി സായാഹ്നത്തോട് പറഞ്ഞു. നവംബർ ആറിനാണ് വെള്ളോട്ടം നടക്കുന്നത് .പുതുക്കി പണിതു കഴിഞ്ഞ തേരിൻ്റ ട്രയൽ റൺ ആണ് ഇത്. ഇത് ഒരു ഔദ്യോഗിക ചടങ്ങ് കൂടിയാണ്. ട്രയൽ റൺ നടത്തുന്നത് ചാത്തപുരം , പഴയ കൽപ്പാത്തി, പുതിയ കൽപ്പാത്തി, മന്തക്കര, കൽച്ചട്ടി തെരുവു് എന്നിഗ്രാമ വീഥിയിലൂടെ സഞ്ചരിച്ച് തിരിച്ച് ചാത്തപ്പുരത്ത് തന്നെ തിരിച്ചെത്തും. പുതുക്കിപ്പണിത തേരിൻ്റ പൂജാതികർമ്മങ്ങളും ഇതോടൊപ്പം ഉണ്ടായിരിക്കും. വെള്ളോട്ടം കഴിഞ്ഞാൽ പിന്നെ തേര് ദിവസങ്ങളിലായിരിക്കും കൽപ്പാത്തി അഗ്രകാല തെരുവിലൂടെ രഥചക്രങ്ങൾ ഉരുളുക. വിദേശരാജ്യങ്ങളിൽ നിന്നുപോലും ഒട്ടേറെ ഗ്രാമവാസികളും വിനോദസഞ്ചാരികളും എത്തും. കൽപ്പാത്തി ഗ്രാമവാസികൾ ലോകത്ത് എവിടെയാണെങ്കിലും കൽപ്പാത്തി തേരിന് ലീവ് എടുത്ത് നാട്ടിലെത്തും എന്നത് വർഷങ്ങളുടെ പാരമ്പര്യ ശീലമാണ്.