മലമ്പുഴ: തോട്ടം കാവൽക്കാരൻ സൗരോർജ്ജ ഫെൻസിംങ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മലമ്പുഴ, ആനക്കല്ല്, കൊല്ലംകുന്നിലെ വാസു (44) ആണ് മരിച്ചത്. ഇയാൾ കൊല്ലം കുന്ന്, വേലാം പൊറ്റ ചെറുപുഴ പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തൊഴിലാളിയാണ്. ആനശല്യം രൂക്ഷമായ പ്രദേശത്ത് കമ്പിവേലിയും, സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. ഒന്നര വർഷമായി തോട്ടത്തിൽ പണിയെടുക്കുന്ന വാസു രാത്രി കാവൽകാരനുമാണ്.
ഞായർ രാവിലെ 6 ന് തോട്ടത്തിലേക്ക് കയറുന്ന ഗൈയിറ്റിന് മുമ്പിൽ മരിച്ച് കിടക്കുന്നത്, രാവിലെ തോട്ടത്തിലേക്ക് വന്ന മറ്റ് തൊഴിലാളികൾ കണ്ടത്. മുമ്പ് ഗൈയിറ്റ് ഭാഗം ഒഴിവാക്കിയാണ് സൗരോർജ്ജ വേലി നിർമ്മിച്ചിരുന്നത്. ആന ഗൈയിറ്റിനെ തളളിയിട്ട് അകത്ത് കയറിയതോടെ, രാത്രിയിൽ, ഗൈയിറ്റിന് മുമ്പിലും സൗരോർജ്ജ കമ്പി പതിവായി സ്ഥാപിച്ചിരുന്നു. പകൽ കമ്പികൾ അഴിച്ച് വിടും.സംഭവ ദിവസം പുറത്ത് പോയ ഇയാൾ തിരിചെത്തി, ഒരു കമ്പി മാത്രം അഴിച്ച് വിട്ട് അകത്ത് കടക്കാൻ ശ്രമിക്കവെ, മുകളിലെയോ, താഴത്തെയോ കമ്പിയിൽ നിന്ന് വൈദ്യുതി ആഘാതമേറ്റതാകാം മരണകാരണമെന്ന്ണ് പ്രാഥമിക നിഗമനം.12500 വാട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതി വേലിയാണ് നിർമ്മിച്ചിട്ടുള്ളത്.
മലമ്പുഴ പോലീസ് സ്ഥലതെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി; മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് നൽകി.
ഭാര്യ ഓമന, മക്കൾ, അശ്വതി, അനില, അക്ഷയ് .