വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജീവനക്കാരും ഓഫീസർമാരും ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം:

ഊർജ്ജ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിച്ച് നിയമമാക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് വൈദ്യുതി തൊഴിലാളികളും ഓഫീസർമാരും കരാർ തൊഴിലാളികളും പാർലിമെൻ്റ്
വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജോലി ബഹിഷ്കരിച്ച് വൈദ്യുതി കാര്യലയങ്ങൾക്കു മുന്നിൽ പ്രകടനവും പ്രതിക്ഷേധ സത്യാഗ്രഹവും നടത്തും.
പാലക്കാട് ജില്ലയിൽ രണ്ടു സർക്കിളുകളുടെ പരിധിയിൽ ആറു ഡിവിഷനുകളിലായി 80 ഓളം കേന്ദ്രങ്ങളിൽ വർഗ്ഗ ബഹുജന സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികൾ നടക്കും.

നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ)ൻ്റെ നേതൃത്വത്തിൽ ബില്ലിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഭൂരിപക്ഷം സംസ്ഥാന ഗവൺമെന്റുകളുടേയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കർഷകരുടേയും എതിർപ്പുകളെ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ബില്ല് അവതരണവുമായി മുന്നോട്ട് പോകുന്നത്.
2021 ൽ കർഷക പ്രക്ഷോഭത്തിൽ രാജ്യത്തെ കർഷകർ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക എന്നത്. കർഷകരുടെ (സംയുക്ത കിസാൻ മോർച്ചയുടെ) ഉറച്ച നിലപാടിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഭേദഗതി നടപടികളിൽ നിന്ന് പിൻമാറുകയുണ്ടായി.

ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായ തീരുമാനങ്ങൾക്ക് ശേഷമേ ഭേദഗതി നിർദ്ദേശങ്ങളു മായി മുന്നോട്ട് പോകുകയുള്ളൂ എന്നാണ് കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ കർഷക സംഘടനകളു മായോ സംസ്ഥാന സർക്കാരുകളോടോ ജീവനക്കാരുടേയും എഞ്ചിനീയർമാരുടേയും സംഘടനകളുമായോ യാതൊരുവിധ ചർച്ചയും കേന്ദ്രസർക്കാർ തുടർന്ന് നടത്തിയില്ല.

ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ലൈസൻസി കൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് സുപ്രധാന ഭേദഗതി. ഇത് യാതൊരു മുതൽമുടക്കും ഇല്ലാതെ പൊതുമേഖലയിൽ പടുത്തുയർത്തിയ സൗകര്യങ്ങൾ ഉപയോഗിച്ച് സ്വകാര്യ ലൈസൻസികളുടെ പ്രവേശനത്തിന് വഴിയൊരുക്കും. ക്രോസ്സ് സബ്സിഡി ബാധ്യതകൾ സ്വകാര്യകമ്പനികൾ നിർവഹിക്കാ തിരിക്കുക വഴി താഴെ തട്ടിലുള്ളവരുടെ വൈദ്യുതി ചാർജ്ജ് കുത്തനെ ഉയരും. പ്രതിഷ്ഠാപനത്തിന്റെ സംരക്ഷണം സ്വകാര്യ മേഖലയുടെ ബാധ്യതയല്ലാത്തതിനാൽ വൈദ്യുതി വിതരണ ത്തിന്റെ കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കും. അന്തർ സംസ്ഥാന ലൈസൻസികൾക്ക് അനുമതി നൽകുന്നത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തേയ്ക്ക് വൈദ്യുതി വിതരണത്തെ കൊണ്ടുപോകും.
ഫലത്തിൽ സംസ്ഥാന അധികാരത്തിൻമേലുള്ള കടുത്ത കടന്നാക്രമണമാണിത്. ഒരു മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ‘ഓപ്പൺ ആക്സസ് വഴി വൈദ്യുതി വാങ്ങാൻ ഉള്ള അനുമതി പൊതുമേഖലയെ സാമ്പത്തികമായി തകർക്കും. ബി.എസ്.എൻ.എൽ തകർന്നതുപോലെ ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി രംഗത്തും പൊതുമേഖല തകരും വിധത്തിലാണ് ഭേദഗതി നിർദ്ദേശങ്ങൾ. കർഷകർക്ക് സബ്സിഡി ഇല്ലാതാക്കുന്നതു് കടുത്ത പ്രതിസന്ധി സൃഷ്ടിക്ക പ്പെടും. ഭക്ഷ്യക്ഷാമമടക്കം കടുത്ത സാമൂഹ്യ പ്രത്യാഘാതങ്ങൾ നാടിനേയും ജനങ്ങളേയും തകർക്കും.