തൊഴിലാളി പക്ഷ സംഘടന എന്ന് മേനി നടക്കുന്ന ഇടതു സർക്കാർ തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്കും അരക്ഷിതാവസ്ഥക്കും നേരെ കണ്ണടച്ച് തൊഴിലുടമകളുടെ താൽപ്പര്യം സംരക്ഷിച്ചു കൊണ്ട് നടത്തുന്ന മെയ് ദിനാഘോഷം പ്രഹസനമാണെന്നും, പത്തും പന്ത്രണ്ടും മണിക്കൂർ ജോലിയെടുക്കേണ്ടി വരുന്ന തൊഴിലിടങ്ങൾക്ക് ഒത്താശ ചെയ്യുകയും മിനിമം വേതനം ഉറപ്പുവരുത്തുന്നതിൽ പോലും നിസ്സംഗത പുലർത്തുകയും ചെയ്യുന്ന ഇടതു ഭരണകൂടം എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദമെന്ന പ്രഖ്യാപിത മെയ് ദിന സന്ദേശത്തെ വ്യഭിചരിക്കുകയാണെന്നും ബി എം എസ് ജില്ലാപ്രസിഡൻ്റ് സലിം തെന്നിലാപുരം പറഞ്ഞു. പാലക്കാട് ബി എം എസ് ജില്ലാ കാര്യാലയത്തിൽ വച്ചു നടന്ന വാണിജ്യ വ്യവസായ മസ്ദൂർ സംഘത്തിൻ്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉദ്പാദകരേയും മൊത്ത ചില്ലറ വിൽപ്പനക്കാരേയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ശൃംഘലയിലെ പ്രധാന കണ്ണികളാണ് ഷോപ്പ്സ് & കൊമേഴ്സ്യൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ എന്നാൽ ഇവരുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പുവരുത്താനുള്ള യാതൊരു ശ്രമവും തൊഴിലുടമകളുടേയും സർക്കാരിൻ്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ ഈ മേഖലയിലെ സംഘടിത പ്രക്ഷോഭങ്ങൾക്ക് ബി എം എസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് ടി.കുമരേശൻ അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് സംസ്ഥാന സമിതി അംഗം കെ.സുധാകരൻ ജനറൽ സെക്രട്ടറി പി.കെ. ബൈജു, ഭാരവാഹികളായ കെ.സന്തോഷ്, ഇ.പി. സുനിൽ, കെ.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് : പി.കെ.ബൈജു
വൈസ് പ്രസിഡൻ്റുമാർ: എം.രാജരാജൻ പി. പ്രദീപ്, വി. അജിത്കുമാർ
ജനറൽ സെക്രട്ടറി : ടി.കുമരേശൻ
ജോ.സെക്രട്ടറിമാർ: ഇ.പി.സുനിൽ,ആർ ഉണ്ണിക്കൃഷ്ണൻ, കെ.സന്തോഷ്
ട്രഷറർ: കെ.സുരേഷ്കുമാർ