പാലക്കാട്: കഴിഞ്ഞ എട്ടരവർഷത്തിനിടയിൽ ഭരണകൂട ഭീകരതയുടെ ഇരകളായി കെ എസ് ആർ ടി സി യിൽ അകാല ചരമമടഞ്ഞവരുടെ ഓർമ്മകൾക്കു മുന്നിൽ പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ ബാഷ്പാഞ്ജലി സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ കെ എസ് ആർ ടി സി ഡിപ്പോകളിലും ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പാലക്കാട് ഡിപ്പോയിലും പരിപാടി സംഘടിപ്പിച്ചത്. കൃത്യമായി ശമ്പളം നൽകാതെയും, ശമ്പളത്തിൽ നിന്നും ഈടാക്കിയ വായ്പാ തിരിച്ചടവ് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടക്കാതെയും, പെൻഷൻ ഫണ്ട് വക മാറ്റിയും, പി.എഫ് തുകക്ക് അപേക്ഷിക്കുന്നവർക്ക് വർഷങ്ങളായി തുക അനുവദിക്കാതെയും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചും. സാമ്പത്തിക പ്രശ്നങ്ങൾ മൂലം മരുന്നുകൾ പോലും വാങ്ങാൻ കഴിയാതെയും, ഡ്യൂട്ടിയുടെ സ്വഭാവം മൂലമുണ്ടായ ജീവിതശൈലീ രോഗങ്ങൾ മൂലവും, കാലഹരണപ്പെട്ട ബസുകളുടേയും പണി ആയുധങ്ങളുടേയും ഉപയോഗം മൂലവും ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും. ചെറിയ തെറ്റുകൾക്ക് പോലും നൽകുന്ന കടുത്ത ശിക്ഷണ നടപടികളും, ഡി.എ.പോലും ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിലേക്കുള്ള സ്ഥലം മാറ്റവും, ജീവനക്കാരുടെ കുറവുമൂലമുണ്ടായ അമിത ജോലിഭാരവും, വിശ്രമത്തിന് മതിയായ സംവിധാനമില്ലാത്തതും, മാനസിക സമ്മർദ്ദം കുറക്കാനോ ഉല്ലാസത്തിനോ ഉള്ള യാതൊരു മാർഗ്ഗങ്ങളും സ്ഥാപനം നൽകാത്തതും മൂലമുള്ള മാനസിക പിരിമുറുക്കവുമാണ് ജീവനക്കാരെ അകാലമരണത്തിലേക്ക് തള്ളിവിടുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.
ഈ വർഷം തുടങ്ങി 2 മാസത്തിനിടയിൽ 17 ജീവനക്കാരാണ് അകാലത്തിൽ മരണമടഞ്ഞത് ഈ അവസ്ഥക്ക് സർക്കാർ തന്നെ പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ പ്രതീകാത്മക പോസ്റ്ററിനു മുന്നിൽ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.സുരേഷ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി.വി. രമേഷ്കുമാർ, ജോ. സെക്രട്ടറി എം കണ്ണൻ, പി.ആർ.മഹേഷ്, യൂണിറ്റ് ഭാരവാഹികളായ എം. മുരുകേശൻ, കെ.പി രാധാകൃഷ്ണൻ,കെ. പ്രജേഷ്,എൽ.രവിപ്രകാശ്, വിശ്വനാഥനായിക്,എ.കെ. പ്രദീപ്കുമാർ മറ്റ് ജീവനക്കാർ യാത്രക്കാർ എന്നിവർ പുഷ്പാർച്ചന നടത്തി.