വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍ ആരംഭിച്ചു.

മലമ്പുഴ : പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് രാവിലെ 11 മുതൽ ആരംഭിച്ചു.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എ. പ്രഭാകരന്‍ എം.എല്‍.എഉദ്ഘാടനം ചെയതു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അദ്ധ്യക്ഷയായി അബ്ദുൾ മുനീർ എം പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ കാഞ്ചന സുദേവൻ, ഡെപ്യൂട്ടി കളക്ടർ എസ്. സജിദ്, മലമ്പുഴ ഉദ്യാനം ക്യൂറേറ്റർ പത്മജ പ്രഭാകർ, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂ ട്ടി ഡയറക്ടർ എസ്. അനിൽകുമാർ, ഡി ടി പി സി സെക്രട്ടറിഡോ. സിൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.

ചെറുതായി മങ്ങലേറ്റ മലമ്പുഴയുടെ പ്രതാപം വീണ്ടെടുക്കാൻ ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ ശ്രമങ്ങൾ ആരംഭിച്ചതായി എ പ്രഭാകരൻ എം എൽ എ അറിയിച്ചു . മലമ്പുഴ പുഷ്പമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് എം എൽ എ ഇക്കാര്യമറിയിച്ചത് . ഹിന്ദി , മലയാളം , തമിഴ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒരു കാലത്ത് മലമ്പുഴ. വി എസ് അച്ചുതാനന്ദൻ എം എൽ എ യായിരിക്കെ അനുവദിച്ച പത്ത് കോടിയുടെ പദ്ധതി പുനർജീവിപ്പിക്കാൻ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ആരംഭിച്ചിട്ടുണ്ട് . പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ശൗച്യാലയം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കാൻ ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു .

ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ ഷോ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ, മേരിഗോള്‍ഡ് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂഷ്പങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മൃഗങ്ങളുടേയും, പക്ഷികളുടേയും മാതൃകകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരവധി സന്ദര്‍ശകര്‍ ഇത്തവണ പുഷ്‌പോത്സവം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ ആയിരിക്കും പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും നടക്കും.ജനുവരി 22 ന് പുഷ്‌പോത്സവം സമാപിക്കും.

ചെടികള്‍ വാങ്ങാം

പുഷ്‌പോത്സവത്തില്‍ വിദേശികളും, സ്വദേശികളുമായ വൈവിധ്യമാര്‍ന്ന പൂക്കള്‍ കാണുക മാത്രമല്ല അവ വാങ്ങാനും സാധിക്കും. 12 നഴ്സറികളിലായി മിതമായ നിരക്കില്‍ ചെടികള്‍ ലഭിക്കും.

പാലക്കാടിന്റെ തനത് രുചി ആസ്വദിക്കാം

രുചിയുടെ പുത്തന്‍കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്രവിഭവങ്ങളും ഉള്‍പ്പെടുത്തി 19 വ്യത്യസ്ത ഫുഡ് സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.