ഒറ്റപ്പാലം: പനമണ്ണ ചക്യാവിൽ വിനോദ് കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. 5 പ്രതികളിൽ 2 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. കേസിൽ 34 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. എന്നാൽ പ്രതികളുടെ പേരിൽ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. 31/05/2020 തിയ്യതിക്കാണ് കേസിനാസ്പദമായ സംഭവം. സഹോദരന്മാരായ വിനോദിനും രാമചന്ദ്രനും സംഭവത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ വിനോദ് ചികിത്സയിലിരിക്കെ മരണപ്പെട്ടതോടു കൂടി കേസിൽ 302 ഐ പി സി കൂടി പോലീസ് ഉൾപെടുത്തി കുറ്റപത്രം സമർപ്പിക്കുകയാണുണ്ടായത്.
കേസിൽ 4 പേരുടെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. കേസിലെ രണ്ടാംഘട്ട വിചാരണയിലാണ് ഒറ്റപ്പാലം അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്ഥാവിച്ചത്. കേസിൽ വിചാരണ നേരിട്ട 5 പ്രതികളിൽ 5, 11 പ്രതികളായ ആരിഫ്, റഫീഖ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മറ്റു 3 പ്രതികൾക്ക് ഐ പി സി 324 വകുപ്പ് പ്രകാരം 2 വർഷം തടവ് ശിക്ഷ മാത്രമാണ് വിധിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഉടൻ തന്നെ ശിക്ഷ സസ്‌പെൻഡ് ചെയ്ത് കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ. എം പി അബ്ദുൽ ലത്തീഫ്, അഡ്വ. എം മുഹമ്മദ് റാഷിദ് എന്നിവർ കോടതിയിൽ ഹാജരായി.