—ജോസ് ചാലയ്ക്കൽ —-
പാലക്കാട് :കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതുകൊണ്ട് കഷ്ടപ്പെടുന്ന കർഷകർ വട്ടി പലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംഭരിച്ച നെല്ലിൻറെ പണം കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണയും മാർച്ചും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് 28 രൂപ 20 പൈസ കൊടുക്കുന്നുണ്ടെങ്കിൽ അതിൽ 20 രൂപ 40 പൈസ്സയും കേന്ദ്രസർക്കാരാണ് കൊടുക്കുന്നത്. ബാക്കി ഏഴ് രൂപ 80 പൈസ്സയാണ് കേരള സർക്കാർ നൽകുന്നത് .എന്നാൽ കേന്ദ്രം, കേന്ദ്രത്തിന്റെ വിഹിതം മുഴുവൻ കേരളത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കേരളത്തിൻ്റെ വിഹിതമായ ഏഴു രൂപ 80 പൈസ കൊടുക്കാനാണ് കർഷകരെഇത്രയും ബുദ്ധിമുട്ടിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. കേരളാ സർക്കാർ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അനാവശ്യ ധൂർത്താണ് ചെയ്തുകൊണ്ടിരിക്കുന്നത് . കെ ഫോണിൻ്റെ പേരിൽ നാലര കോടി രൂപയാണ് ധൂർത്തടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എ .തങ്കപ്പൻ അധ്യക്ഷത വഹിച്ചു .നേതാക്കളായ വി .കെ. ശ്രീകണ്ഠൻ എം പി, രമ്യ ഹരിദാസ് എംപി, ഷാഫി പറമ്പിൽ എംഎൽഎ ,വി.എസ്. വിജയരാഘവൻ, സി.ചന്ദ്രൻ , കെ. എ. തുളസി, സി .വി. ബാലചന്ദ്രൻ , വി.എസ്. രാജേഷ്, പി .ബാലഗോപാലൻ, സുമേഷ് അച്യുതൻ, തുടങ്ങിയവർ പ്രസംഗിച്ചു.