“മാലിന്യമുക്തം നവകേരളം” ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ക്ലീൻ കേരള കമ്പനി ഊർജ്ജിത ശുചിത്വ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ മാർച്ച് 15 മുതൽ ജൂൺ 1 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി 69 ടൺ തരംതിരിച്ച മാലിന്യവും 809 ടൺ നിഷ്ക്രിയ മാലിന്യങ്ങളും നീക്കം ചെയ്തു. 20 ടൺ ചില്ലു മാലിന്യങ്ങളും ഈ കാലയളവിൽ നീക്കം ചെയ്തിട്ടുണ്ട് . iപാലക്കാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായി വിവിധ വകുപ്പുതല ഓഫീസുകളിൽ നിന്നായി 2248 കിലോഗ്രാം ഇ വേസ്റ്റ് ശേഖരിച്ചു. നവകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും അനുബന്ധ ശുചിത്വ പ്രവർത്തനങ്ങൾക്കും പിന്തുണയേകി. മാലിന്യമുക്ത കേരളം ക്യാമ്പയിനിന്റെ അനുബന്ധ ക്യാമ്പയിനുകളായ” മഴക്കാല പൂർവ്വ ശുചീകരണം”, ” നവകേരളം.. വൃത്തിയുള്ള കേരളം”, “വലിച്ചെറിയൽ മുക്ത കേരളം” എന്നിവയിലും ക്ലീൻ കേരള കമ്പനി സജീവ പങ്കാളിത്തം വഹിച്ചു. ജില്ലയിലെ വിവിധ ശുചിത്വ യോഗങ്ങളിലും, മലമ്പുഴ മണ്ഡലത്തിലെ ശുചിത്വ സഭകളിലുമെല്ലാം ക്ലീൻ കേരള കമ്പനി പ്രതിനിധികൾ ബോധവൽക്കരണ സന്ദേശം പകർന്നു നൽകി. അൻപതിൽ കൂടുതൽ പഞ്ചായത്തുകളിലെ സെക്രട്ടറി മാർക്ക് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ക്യാമ്പയിനിന്റെ ഭാഗമായി ക്ലാസ്സെടുത്തു. വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ .. ശുചിത്വ പരിപോഷണ സമിതി അംഗങ്ങൾ , റെസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധികൾ,വ്യാപാരി വ്യവസായികൾ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, ബൾക്ക് ജനറേറ്റേഴ്സ് എന്നിവർക്കായി ബോധവൽക്കരണ നിയമ ക്ലാസ്സുകളും ഹരിതകർമ്മ സേനാംഗങ്ങൾക്ക് കാര്യശേഷി വർധന പരിശീലന ക്ലാസ്സുകളും മാലിന്യം തരം തിരിക്കൽ ക്ലാസ്സുകളും റിസോഴ്സ് പേഴ്സൺ , ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ തുടർഘട്ട ക്യാമ്പയിനിലും തുടരുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനം നടത്തിവരുന്ന ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും നടന്നു വരുന്നു.