ശുചിത്വം ശക്തമാക്കാൻ ശുചിത്വ സഭകൾ: കേരളത്തിന് മാതൃകയായി മലമ്പുഴ ബ്ലോക്ക്

മലമ്പുഴ: ശുചിത്വ കേരളം എന്ന ലക്ഷ്യ പ്രാപ്തിക്കായുള്ള ശുചിത്വ യഞ്ജം ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ ശുചിത്വ -ആരോഗ്യ കർമ്മ പദ്ധതികൾ ഊർജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ മുഴവൻ തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ തദ്ദേശ സ്ഥാപനങ്ങളാകുന്നതിനുള്ള അടിയന്തിര ഘട്ട പ്രവർത്തനങ്ങൾ ജൂൺ5 ന് മുൻപ് പൂർത്തീകരിക്കുന്നതിന് കഠിന പ്രയത്നം നടത്തിവരികയാണ്. ബ്രഹ്മപുരം തീപ്പിടുത്ത സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാർ ശുചിത്വ കേരളം 2026 എന്ന ലക്ഷ്യം ശുചിത്വ കേരളം 2024 എന്നാക്കി പുനർ നിർവ്വചിച്ച് ന്തറ് ശതമാനം ശാസ്ത്രീയ മാലിന്യ സംസ്കരണമെന്നത് ജൂൺ 5 ന് മുൻപ് അടിയന്തിരമായി ഉറപ്പ് വരുത്തി ശുചിത്വ പഞ്ചായത്ത്… ശുചിത്വ നഗരസഭ, ശുചിത്വ മണ്ഡലം, ശുചിത്വ ജില്ല എന്ന ലക്ഷ്യം സമ്പൂർണ്ണമായും കൈവരിച്ച് 2024 ന് മാർച്ചിനകം ശുചിത്വ കേരളം കെട്ടിപ്പടുക്കുന്നതിന് പ്രവർത്തന കലണ്ടർ നിശ്ചയിച്ചത് കൂടാതെ ജില്ലാതല സ്ക്വാഡ് പ്രവർത്തനവും തുടങ്ങി. കോടതിയുടെ നിരീക്ഷണവും ശക്തമായി. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങൾ ദ്രുതഗതിയിലായിട്ടുടെങ്കിലും സമ്പൂർണ്ണ ശുചിത്വ സാക്ഷാത്കാര പ്രയത്നങ്ങൾ വലിയ പ്രതിസന്ധികളിലൂടെ തന്നെയാണ് കടന്നുപോകുന്നത് .എന്നാൽ ജനകീയ പങ്കാളിത്തവും, വിവിധ വകുപ്പു കളുടേയും മിഷനുകളുടേയും ഏകോപനവും എല്ലാവരുടേയും കൂട്ടായ പരിശ്രമവും ഉറപ്പ് വരുത്തുകയാണ് ശുചിത്വ ലക്ഷ്യം ഉറപ്പ് വരുത്താനുള്ള അനിവാര്യ മാർഗ്ഗമെന്ന് സർക്കാർ സർക്കുലറിലൂടെ വ്യക്തമാക്കിയിട്ടുള്ളത് ലക്ഷ്യ പ്രാപ്തിക്ക് ഏറെ സഹായകരമായ മാർഗ്ഗരേഖയായി ആശ്വാസം നൽകുന്നുമുണ്ട്. അപ്പോഴും ഈ ഏകോപന… ജനകീയ പ്രവർത്തനമെന്നത് തന്നെയാണ് ശുചിത്വ പ്രവർത്തനത്തിലെ വെല്ലുവിളിയെന്ന തിനാൽ പ്രവർത്തിക്കുമ്പോഴും പകച്ചു നിൽക്കുകയാണ് ശുചിത്വത്തിന്റെ തേരാളികളും പോരാളികളും. എന്നാൽ ഇത് നേരിടാൻ “ശുചിത്വ സഭ ” എന്ന ആശയം മുന്നോട്ട് വെച്ച് വിജയകരമായി പ്രാവർത്തികമാക്കി വരികയാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്ക്. ഈ ബ്ലോക്കിലെ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവന്റെ ആശയത്തോട് ശുചിത്വ മിഷൻ ജില്ലാ കോ. ഓർഡിനേറ്ററും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും അനുകൂലമായി പ്രതികരിച്ചതോടെ “ശുചിത്വ സഭകൾ” എന്നത് ഉടൻ തന്നെ യഥാർത്ഥ്യമായി തുടങ്ങി. ഉദ്ദേശിച്ചതിലും ഊർജ്ജത്തിലും വേഗത്തിലുമാണ് മലമ്പുഴ ബ്ലോക്കിലെ മുഴവൻ ഗ്രാമ പഞ്ചായത്തുകളിലും ഒന്നാം ഘട്ട ശുചിത്വ സഭകൾ പൂർത്തിയായതെന്ന് പഞ്ചായത്ത് ശുചിത്വ സഭകളിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സ്മിത. പി.പറഞ്ഞു. മാർച്ച് 30 ന് മരുതറോഡ് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, ഏപ്രിൽ 3 ന് പുതുപ്പരിയാരം പഞ്ചായത്തിൽ പ്രസിഡന്റ് പി. ആർ.ബിന്ദു, ഏപ്രിൽ 4 ന് പുതു ശ്ശേരി പഞ്ചായത്തിൽ പ്രസിഡന്റ് പ്രസീദ. എൻ., ഏപ്രിൽ 12 ന് അകത്തേത്തറ പഞ്ചായത്തിൽ പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ഏപ്രിൽ 13 ന് മലമ്പുഴയിൽ പ്രസിഡന്റ് രാധികാ മാധവൻ, ഏപ്രിൽ 19 ന് കൊടുമ്പ് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ധനരാജ്. ആർ. എന്നിവർ ഒന്നാം ഘട്ട ശുചിത്വ സഭ ഉദ്ഘാടനം ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണം, വൃത്തിയുള്ള കേരളം… വലിച്ചെറിയൽ മുക്ത കേരളം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ , തെളിനീരൊഴുകും നവകേരളം തുടർ പ്രവർത്തനങ്ങൾ, ജൈവ… അജൈവ മാലിന്യ സമ്പൂർണ്ണ പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനും മലമ്പുഴ ബ്ലോക്ക് പഞ്ചായത്തും മലമ്പുഴ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിൽ ശുചിത്വ .. ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ഊർജ്ജിതമാക്കുന്നതിനും ഗ്രാമ പഞ്ചായത്തുകളെ ജൂൺ 5 ന് മുൻപായി മാലിന്യ മുക്ത പഞ്ചായത്തുകളാക്കി മാറ്റുന്നതിനുമായി നടത്തി വരുന്ന ശുചിത്വ സഭയുടെ ഒന്നാം ഘട്ട വിജയത്തെ തുടർന്ന് വാർഡ് തലത്തിലും ശുചിത്വ സഭകൾ നടന്നുവരികയാണ്. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ രണ്ടാം ശുചിത്വ സഭയും അകത്തേത്തറ പഞ്ചായത്തിൽ മൂന്നാം ശുചിത്വ സഭയും പഞ്ചായത്ത് തലത്തിൽ നടന്നു കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലേയും ശുചിത്വ സഭകളും സമഗ്രവും സമുചിതവുമായിരുന്നുവെന്ന് ശുചിത്വ സഭകളിൽ ക്ലാസ്സെടുക്കുകയും ചർച്ച നയിക്കുകയും ചെയ്ത ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ പറഞ്ഞു. ശുചിത്വ സഭകളുടെ ഭാഗമായി ശുചിത്വ.. ആരോഗ്യ ശിൽപ്പശാലകളും നടന്നു. നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ, ഇനിയും ശുചീകരിക്കേണ്ട സ്ഥലങ്ങൾ, മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്ന, കുമിഞ്ഞുകൂടുന്ന , ഇനിയും വൃത്തിയാക്കേണ്ട ഇടങ്ങൾ, മലിന ജലാശയങ്ങൾ, ഇതുവരെ നടന്നതും തുടർന്ന് നടത്തേണ്ടതുമായ ആരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ച കൂട്ടായ ചർച്ചകൾ ഓരോ പഞ്ചായത്തിലും മുഴുവൻ വാർഡുകളുടേയും അടിസ്ഥാനത്തിൽ ഒരേ സമയം നടന്നു.മുഴുവൻ വാർഡുകളേയും പ്രതിനിധീകരിച്ച് ശുചിത്വ.. ആരോഗ്യ റിപ്പോർട്ട്/ തുടർ ആക്ഷൻ പ്ലാൻ എന്നിവ സംബന്ധിച്ച അവതരണങ്ങളും നടന്നു. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കലും, അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരം തിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറലും ഉറപ്പ് വരുത്തുന്നതിനും, ഹരിത കർമ്മ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനുമായി വാർഡുകളിലെ ക്ലസ്റ്റർ പ്രവർത്തനവും, മാലിന്യങ്ങൾ വലിച്ചെറിയൽ തടയുന്നതിനുള്ള ശുചിത്വ സ്ക്വാഡിന്റെ പ്രവർത്തനവും ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും മാലിന്യ പരിപാലനം സംബന്ധിച്ച് ക്ലസ്റ്റർ തല ബോധവൽക്കരണം പുന:രാംരംഭിക്കുന്നതിനും ശുചിത്വ സഭകൾ തീരുമാനിച്ചിട്ടുള്ള പ്രകാരം പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും തുടങ്ങി കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് .. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് സെകട്ടറി, ബ്ലോക്ക് പഞ്ചായത്ത് ജി. ഇ.ഒ., പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വി. ഇ.ഒ. , എല്ലാ വാർഡുകളേയും പ്രതിനിധീകരിച്ച് ജന പ്രതിനിധികൾ, വിവിധ വകുപ്പ്… മിഷൻ, ക്ലീൻ കേരള പ്രതിനിധികൾ, പഞ്ചായത്ത് തല,വാർഡ് തല ആരോഗ്യ..ശുചിത്വ.. പരിപോഷക സമിതി അംഗങ്ങൾ , രാഷ്ട്രീയ പാർട്ടി.. സാമൂഹ്യ… സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ വർക്കർ മാർ, ജെ.എച്ച്.ഐമാർ, ജെ.പി.എച്ച്. എൻ മാർ, കുടുംബശ്രീ പ്രവർത്തകർ.. അയൽക്കൂട്ട പ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ , പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്ത് ശുചിത്വ.. ആരോഗ്യ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും ചർച്ചാ ഗ്രൂപ്പ് ലീഡർമാർ റിപ്പോർട്ട് അവതരിപ്പിക്കുന്നതും ഇതിന്റേയും തുടർ പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിൽ തുടർ സഭകളിൽ തുടർ അവലോകനം നടക്കുന്നതും ശുചിത്വ സഭകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു . ശുചിത്വ മിഷൻ പ്രതിനിധിയുടെ വിഷയാവതരണം, ക്ലാസ്സ് എന്നിവയോടൊപ്പം, നോഡൽ ഓഫിസറുടെ ചർച്ചാ കോഡീകരണം, പഞ്ചായത്ത് പ്രസിഡന്റിന്റെ അന്തിമ വിലയിരുത്തൽ എന്നിവയെല്ലാം ശുചിത്വ സഭയെ വേറിട്ട താക്കുന്നു. പഞ്ചായത്ത് തലത്തേക്കാൾ, വാർഡ് തലത്തിലും വാർഡ്‌ തലത്തേക്കാൾ വാർഡുകളിലെ ക്ലസ്റ്റർ തലങ്ങളിലുമാണ് ശുചിത്വ ചർച്ചയും തുടർന്നുള്ള ശുചിത്വ പ്രവർത്തനങ്ങളും കൂടുതൽ ജനകീയമാവുന്നത് എന്നത് താഴെ ത്തട്ടിലെ ശുചിത്വ സഭകളുടെ പ്രാധാന്യം എടുത്ത് കാട്ടുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യ വിതിൽപ്പടി ശേഖരണം ഉറപ്പാക്കുന്നതിനും , ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കുന്നതിനും വാർഡ് മെംബറുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തുന്നതിനും ശുചിത്വ സഭകൾ തീരുമാനിച്ചതോടെ അടിത്തട്ടിലെ സ്ക്വാഡ് പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തീവ്രമായിട്ടുണ്ട് എന്നുള്ളത് ശുചിത്വ സഭകളുടെ വിജയമാണ് ഉദ്‌ഘോഷിക്കുന്നത്. ശുചിത്വ പ്രവർത്തനങ്ങൾക്ക് ദിശാബോധവും കാര്യക്ഷമതയും നൽകുന്ന മലമ്പുഴ ബ്ലോക്കിലെ ശുചിത്വ സഭകൾ പലക്കാട് ജില്ലയ്ക്കും സംസ്ഥാനത്തിനും മാതൃകയാണെന്ന് ജനപ്രതിനിധികളും ശുചിത്വ.. ആരോഗ്യ പ്രവർത്തകരും പറയുന്നു. ശുചിത്വ സഭകൾ മികവർന്ന രീതിയിൽ സംഘടിപ്പിച്ച മലമ്പുഴ ബ്ലോക്കിലെ മുഴവൻ പഞ്ചായത്തുകളേയും അനുമോദിക്കുന്നതോടൊപ്പം നിലവിലെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി സംസ്ഥാന സർക്കാരിന്റെ ശുചിത്വ കേരളം ലക്ഷ്യത്തിന്റെ അടിയന്തിര ഘട്ട പ്രവർത്തനത്തിന്റെ വിജയം ഉറപ്പ് വരുത്താൻ മുഴുവൻ പഞ്ചായത്ത് പ്രതിനിധികളേയും പങ്കെടുപ്പിച്ച് മലമ്പുഴ ബ്ലോക്കിൽ ശില്പ ശാല നടത്തുമെന്നും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, ബി.ഡി.ഒ. അജയഘോഷ്. കെ.ബി. എന്നിവർ അറിയിച്ചു.