” ഉഷസ്സി “ൽ കുട്ടികൾക്ക് വേറിട്ട വേനലവധിക്കാലം


ഐ.ബി.അബ്ദുറഹ്മാൻ

പൂക്കളെത്തലോടിയും പൂമ്പാറ്റകളോട് പുന്നാരിച്ചും പുസ്തകം വായിച്ചും കഥകൾ കേട്ടും കവിതകൾ ചൊല്ലിയും കുട്ടികൾക്ക് വേനലവധി വേറിട്ട അനുഭവമാക്കാം. യാക്കരമുക്ക് കൈരളി ഗ്രാമം ഉഷസ്സിൽ അവരുടെ സർഗ്ഗവാസനകൾക്ക് വിടരാനും വളരാനും ഇടമൊരുക്കി ‘സുകുമാരേട്ടനും ഉഷേച്ചി’യുമുണ്ട് . ഏതു പ്രായത്തിലുള്ള കുട്ടികൾക്കും എപ്പോൾ വേണമെങ്കിലും ഇവിടേക്ക് കടന്നുവരാം. ഇരുപത് സെന്റ് പുരയിടം നിറയെ ചെടികൾ, പൂക്കൾ , പഴങ്ങൾ, പച്ചക്കറികൾ , പക്ഷികൾ, മത്സ്യങ്ങൾ, നേർത്ത സ്വരത്തിൽ ഒഴുകുന്ന സംഗീതവും. പൂന്തോട്ടത്തിൽ കുട്ടികൾക്കായി ഒരുക്കിയ വായനശാല. വീടിന് മുകൾ നിലയിൽ ലോകോത്തര ക്ലാസിക് കൃതികൾ ഉൾക്കൊള്ളുന്ന ഗ്രന്ഥാലയം. ബാലസാഹിത്യകാരനായ പി.വി.സുകുമാരന് തസ്രാക്കിൽ ഒ.വി.വിജയന്റെ സ്മാരകത്തിന് സമീപം മറ്റൊരു വീടുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രം “അപ്പുക്കിളി” യുടെ പേരിൽ . സ്മാരകത്തിലെ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന എഴുത്തുകാരുടെ ഇടത്താവളമാണ് ഇപ്പോൾ അപ്പുക്കിളിവീട് . പൊതു മേഖല സ്ഥാപനങ്ങളിലെ ജോലികളിൽ നിന്ന് വിരമിച്ച ഉഷയും സുകുമാരനും കൊറോണക്കാലത്തെ മുരടിപ്പിന് പരിഹാരമായാണ് പ്ലാന്റ് സ്‌റ്റോറീസ് എന്ന പേരിൽ നഴ്സറി തുടങ്ങിയത്. ചെടികളുടെ വിൽപ്പനയേക്കാൾ
“പൂവും പുസ്തകവും ” പ്രമേയമാക്കി കൃഷിയും വായനയും പ്രചരിപ്പിക്കുന്നതിനാണ് മുൻഗണന. കൈരളി ഹൗസിംഗ് കോളനി സമിതിയും ഇവരോട് സജീവമായി സഹകരിക്കുന്നു . അതേസമയം മിതമായ വിലയിൽ ഗുണമേന്മയുള്ള ചെടികൾ വിൽക്കുന്ന പ്ലാന്റ് സ്റ്റോറീസിൽ ആവശ്യക്കാർ ഏറി വരുന്നുണ്ട്. ഓൺലൈൻ വിൽപ്പനയാണ് കൂടുതൽ.

ഒഴിവുകാലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യാക്കരയിലെ ഉഷസ്സ് തേടി അയൽപ്രദേങ്ങളിലെ രക്ഷിതാക്കളും കുട്ടികളുമായി എത്തുന്നുണ്ട്.