മൂന്നാറിൽ നിന്നും പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ നാടുകടത്തുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി

മുതലമട: മൂന്നാറിൽ നിന്നും അരിക്കൊമ്പനെ നാടുകടത്തി പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മുതലമടയിലെ കാമ്പ്രത്ത് ചള്ളയിൽ പ്രതിഷേധയോഗവും, റാലിയും നടത്തി.

കാട്ടിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്ന കുറവുകൾ കാരണമാണ് വന്യജീവികൾ നാട്ടിലിറങ്ങി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷാഭീഷണിയായി മാറുന്നത് എന്ന് ആം ആദ്മി പാർട്ടി പ്രതിനിധികൾ പറഞ്ഞു. ആനകളുടെ തീറ്റയായ ഈറ്റയും മുളയും കാട്ടിൽ നിന്നും വ്യാപകമായി വെട്ടി നശിപ്പിക്കപ്പെടുകയും അതിന്റെ ചുവട് ഉൾപ്പെടെ നശിപ്പിക്കപ്പെടുകയും, പകരമായി യൂക്കാലിയും അക്വേഷ്യയും നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കാട്ടിൽ ലഭ്യമായിരുന്ന ജലസമ്പത്തും വ്യാപകമായി നഷ്ടപ്പെടുന്നു. ഇതേ തുടർന്നാണ് ഭക്ഷണവും ജലവും അന്വേഷിച്ച് വന്യജീവികൾ കാട്ടാന ഉൾപ്പെടെ നാട്ടിലിറങ്ങി പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നത്.

ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിരശ്രദ്ധ ആവശ്യമുള്ളതും കാട്ടിൽ വന്യജീവികൾക്ക് ജലവും ഭക്ഷണവും ലഭ്യമാക്കേണ്ട ഉത്തരവാദിത്വവും സർക്കാരിനുണ്ട്.

സർക്കാർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ മാറി നിന്നുകൊണ്ട് കോടതിവിധിയെ മാത്രം മുൻനിർത്തിക്കൊണ്ട് 11ൽ പരം ആളുകളുടെ ജീവനെടുത്ത അരികൊമ്പൻ എന്ന കാട്ടാന മുതലമട ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ജീവന് ഭീഷണിയാക്കിക്കൊണ്ട് പറമ്പിക്കുളത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇത് എന്ത് വില കൊടുത്തും എതിർക്കുന്ന മുതലമടയിലെ ജനങ്ങൾക്ക് ആം ആദ്മി പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.

പത്തുവർഷം മാത്രം പ്രായമുള്ള കൗമാരദശയിലുള്ള ആം ആദ്മി പാർട്ടിയുടെ ദേശീയ പാർട്ടി പദവിയുടെ ആഘോഷവും ഇതോടൊപ്പം നടന്നു. പാർട്ടി രൂപീകരിച്ച ചേവലം രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ ഭരണത്തിൽ എത്തിയ ആം ആദ്മി പാർട്ടി മൂന്നുതവണ തുടർച്ചയായി ഡൽഹി നിയമസഭയുടെ ഭരണത്തിൽ എത്തി. എന്നാൽ 10 വർഷം തികയുന്നതിന് മുൻപ് തന്നെ പഞ്ചാബിലും ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് ഭരണത്തിലേക്ക് കയറി.

ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ ഭരണത്തിലും, രണ്ട് സംസ്ഥാനങ്ങളിൽ നിയമസഭയിൽ സാന്നിധ്യവും, രാജ്യസഭയിൽ 10 എംപിമാരുടെ സാന്നിധ്യവും അറിയിച്ചുകൊണ്ട് ഇന്നിന്റെ ഇന്ത്യയിൽ യഥാർത്ഥ പ്രതിപക്ഷമായി മുന്നേറുകയാണ് ആം ആദ്മി പാർട്ടി. സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന പ്രശ്നങ്ങളിലേക്ക് ഏറ്റവും ശക്തമായ ഇടപെടലുകൾ നടത്തി, സഹായകമാകുന്നത് ഇന്നത്തെ ഇന്ത്യയിൽ ആം ആദ്മി പാർട്ടി മാത്രമേയുള്ളൂ എന്ന് പ്രതിനിധികൾ അവകാശപ്പെട്ടു.

ആം ആദ്മി പാർട്ടി നെന്മാറ മണ്ഡലം പ്രതിനിധി രവി വെള്ളാരം കടവ് അധ്യക്ഷത വഹിച്ച യോഗം, മുൻ സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഷാജഹാൻ ഒക്കൽ, തൃശ്ശൂർ, എറണാകുളം ജില്ലാ കൺവീനർമാരായ ജസ്റ്റിൻ ജോസഫ്, സാജു പോൾ, പാലക്കാട് ജില്ലാ പ്രതിനിധി ഹരീന്ദ്രൻ പുലാക്കൽ എന്നിവർ രാഷ്ട്രീയ വിശദീകരണം നടത്തി. നെന്മാറ മണ്ഡലം പ്രതിനിധി ബാലൻ സ്വാഗതം ആശംസിച്ചു. സണ്ണി ഫ്രാൻസിസ് കരിമ്പ, ദിവാകരൻ കെ മലമ്പുഴ, വേണുഗോപാൽ പാലക്കാട്, രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു. രാധാകൃഷ്ണൻ മുതലമട നന്ദി പ്രകാശനം നടത്തി.