കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പാലക്കാട് : മന്ദത്ത്കാവ് തണ്ണിശ്ശേരിയിൽ കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ പുതുനഗരം സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കാട്ടുതെരുവ് സ്വദേശികളായ അഫ്സൽ (21), മുഹമ്മദ് ആഷിക്ക് (21), നെല്ലിയംപാടം മുഹമ്മദ് യാസിർ (20), വട്ടാരം സ്വദേശി അൻസിൽ റഹ്മാൻ (20) എന്നിവരെയാണ് സൗത്ത് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്. 50000 രൂപയും 10 പവൻ സ്വർണവുമാണ് സംഘം കവർന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിലും ബൈക്കിലുമെത്തിയ സംഘം തണ്ണിശ്ശേരിയിലെ കടയിലേക്ക് പകൽ സമയത്ത് അതിക്രമിച്ച് കയറി ഉടമയിൽ നിന്ന് മൂന്ന് പവന്റെ സ്വർണമാലയും ഒരു പവന്റെ നവരത്ന മോതിരവും പതിനായിരം രൂപയും തട്ടിയെടുത്തു. ഉടമയെ പിടികൂടുകയും കൈകൾ ബന്ധിപ്പിച്ച് കാറിൽ തട്ടികൊണ്ടുപോവുകയായിരുന്നു. ഇയാളെ അന്യായമായി തടവിൽ വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇയാളുടെ ഭാര്യയിൽ നിന്ന് ആറ് പവന്റെ സ്വർണവും 20000 രൂപയും കവർന്നു. പിന്നീട് ഉടമയെ വിട്ടയച്ചെങ്കിലും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 20000 രൂപയും ഓൺലൈനായി വാങ്ങി. ശല്യം സഹിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസമാണ് ഉടമ സൗത്ത് പൊലീസിൽ പരാതി നൽകിയത്. ഉടൻ അന്വേഷണം നടത്തിയ പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.