കെ എസ് ആർ ടി സി യെ സംരക്ഷിക്കുക യാത്രാ ക്ലേശം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി പാലക്കാട് ഡിപ്പോയിലെ ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന വ്യാപകമായി എല്ലാ കെ എസ് ആർ ടി സി ഡിപ്പോയിലേയും ജീവനക്കാർ എഴുതിയ കത്തുകൾ അതാത് ഡിപ്പോ പരിസരത്തുള്ള പോസ്റ്റ് ഓഫീസുകളിൽ നിന്നും ഒരുമിച്ച് മുഖ്യമന്ത്രിക്ക് പോസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പാലക്കാട് ഹെഡ് പോസ്റ്റോഫീസിൽ വെച്ച് പാലക്കാട് ഡിപ്പോയിൽ നിന്നും ശേഖരിച്ച കത്തുകൾ പോസ്റ്റ് ചെയ്തത്. കെ എസ് ആർ ടി സിയെ ദയാവധത്തിന് വിടരുത്. കെ എസ് ആർ ടി സിയുടെ റൂട്ടുകൾ സ്വകാര്യവൽക്കരിച്ചു കൊണ്ടും,ജീവനക്കാരുടെ മരണാനുകൂല്യങ്ങൾ നിഷേധിച്ചും,പെൻഷൻ പദ്ധതി അട്ടിമറിച്ചും, അമിതാദ്ധ്വാനം അടിച്ചേൽപ്പിച്ചും,സ്ഥാപനത്തെ തകർക്കുന്ന നടപടികളിൽ ബഹു. മുഖ്യമന്ത്രി ഇടപെട്ട് കെ എസ് ആർ ടി സിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കി സംരക്ഷിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.പരിപാടി യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ കത്തയച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ്കൃഷ്ണൻ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യൂണിറ്റ് ട്രഷറർ എം.മുരുകേശൻ , ആർ.ശിവകുമാർ കുമാർ , സി.രമേഷ് , നാഗനന്ദകുമാർ , വി.രാജഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.