വില്ലേജ് തല ജനകീയ സമിതികൾ പ്രഹസനമാകുന്നെന്ന് പരാതി

നെന്മാറ: വില്ലേജുകളിൽ ചേരുന്ന വില്ലേജ് തല ജനകീയ സമിതി യോഗം അംഗങ്ങളുടെ അസാന്നിധ്യം മൂലമാണ് പ്രഹസനമാകുന്നതെന്നാണ് പരാതി. നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും വില്ലേജ് പരിധിയിലെ പഞ്ചായത്ത് അംഗങ്ങളും ഡെപ്യൂട്ടി തഹസിൽദാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതി/ വർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതയും ഉൾപ്പെടുന്നതാണ് വില്ലേജ് തല ജനകീയ സമിതികൾ. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് യോഗം ചേരേണ്ടത്. റീസർവ്വേ പ്രശ്നം, പട്ടയം, ഡിജിറ്റൽ സർവേ തുടങ്ങി വിവിധ വിഷയങ്ങൾ അടങ്ങിയ അജണ്ട ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾക്കുമായി അതാത് മാസം സർക്കാർ മുൻകൂട്ടി അറിയിക്കുകയും ചെയ്യാറുണ്ട്. വില്ലേജ് സേവനങ്ങളെ കുറിച്ചുള്ള പൊതുജന പരാതികൾ പരിഹരിക്കുക, വില്ലേജ് സേവനം കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകുക തുടങ്ങി സർക്കാർ അജണ്ടയിൽ നിശ്ചയിച്ചിട്ടുള്ള വിവരങ്ങൾ ചർച്ച ചെയ്ത് നിർദ്ദേശങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കുകയാണ് സമിതിയുടെ ചുമതല. മാസത്തിലെ ആദ്യ ശനിയാഴ്ച ജില്ലാ വികസന സമിതിയും രണ്ടാം ശനിയാഴ്ച താലൂക്ക് സഭയും എന്ന ക്രമത്തിലാണ് വില്ലേജ് തല ജനകീയ സമിതിയും രൂപീകരിച്ചത്. പ്രത്യേക സാമ്പത്തിക അധികാരങ്ങളോ മറ്റൊന്നും ഇല്ലാത്തതിനാൽ 2002 ഏപ്രിൽ മുതൽ നിലവിൽ വന്ന സമിതിയിൽ നാമമാത്ര അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. വില്ലേജ് ഓഫീസർ കൺവീനറും, വില്ലേജ് നിലനിൽക്കുന്ന പ്രദേശത്തെ എംഎൽഎ, മുൻസിപ്പൽ ചെയർമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവർ അധ്യക്ഷത വഹിക്കണം എന്നാണ് സർക്കാർ ഉത്തരവ്. ഡെപ്യൂട്ടി തഹസിൽദാരുടെ ചുമതലയിൽ കുറയാത്ത ഉദ്യോഗസ്ഥർ ഓരോ വില്ലേജിലും മാറിമാറി ജനകീയ സമിതിയിൽ പങ്കെടുക്കാറുണ്ടെങ്കിലും അംഗങ്ങളുടെ അസാന്നിധ്യം മൂലം ബഹുഭൂരിപക്ഷം വില്ലേജ് തല ജനകീയ സമിതി യോഗങ്ങളും നാമമാത്രമായ ചടങ്ങായി മാറുന്നെന്നാണ് പരാതി. ജനകീയ സമിതി യോഗം ചേരുന്ന ദിവസം പഞ്ചായത്ത് ബോർഡ് മീറ്റിങ്ങുകൾ ഗ്രാമസഭകൾ എന്നിവ വരുന്നതിനാലാണ് ജനപ്രതിനിധികൾ പങ്കെടുക്കാത്തത് എന്ന പരാതിയുമുണ്ട്.