പാലക്കാട്:കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയൽക്കൂട്ടങ്ങളുടെ സംഗമം “ചുവട് 2023 ഒരുക്കും.അയൽക്കൂട്ട സംഗമം പ്രചരണത്തിന്റെ ഭാഗമായി വിളംബര ജാഥ, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ ഉദ്ഘാടനം ചെയ്തു.
ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രചരണ ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്റ്റേഡിയം പരിസരത്ത് നടന്ന സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ മനോജ് അധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
കുടുംബശ്രീ രജതജൂബിലി ആഘോഷം 2023 ജനുവരി 26 ന് അയൽക്കൂട്ടാംഗങ്ങളുടെ സംഗമമായ “ചുവട് 2023” ലൂടെയാണ് ആരംഭിക്കുക. പൊതുയിടങ്ങൾ സ്ത്രീകൾക്ക് അവരുടെ സാമൂഹിക സാംസ്കാരിക ആവിഷ്ക്കാര പ്രവർത്തനങ്ങൾക്കുള്ള ഇടമാണെന്നുള്ള തിരിച്ചറവ് ഉറപ്പാക്കുകയാണ് ചുവട് 2023 ന്റെ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ബാലസഭ അംഗങ്ങൾ, വയോജന അയൽക്കൂട്ടാംഗങ്ങൾ എന്നിവർ സംഗമത്തിൽ പങ്കാളികളാകും. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയാണ് പരിപാടികൾ ആരംഭിക്കുക. കാവ്യസദസ്സ്, അക്ഷരശ്ലോകസദസ്സ്, സംഗീതവിരുന്ന്, വിവിധ കലാപരിപാടികളുടെ കലാസംഗമം. സിനിമാപ്രദർശനം, ഗ്രൂപ്പ് ഫോട്ടോയെടുക്കൽ, അഭിനയക്കളരി, നാടൻപാട്ട്, സംഘനൃത്തം, എന്നിവയും സംഘടിപ്പിക്കുന്നതാണ്.
ജനുവരി 26 മുതൽ മെയ് 17 വരെ നീളുന്ന വിവിധ പരിപാടികളാണ് അയൽക്കൂട്ട സംഗമത്തിലൂടെ തുടക്കം കുറിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.എസ് മനോജ് അറിയിച്ചു. സംഗമത്തിൽ ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയൽക്കൂട്ട പരിസരം, അയൽക്കൂട്ട കുടുംബങ്ങളുടെ ജീവിതത്തിൽ കുടുംബശ്രീ മുഖേനയുള്ള മാറ്റങ്ങൾ, അയൽക്കൂട്ട കുടുംബങ്ങളുടെയും അയൽക്കൂട്ട് പരിധിയിലുള്ള കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നിവ ചർച്ച ചെയ്യുകയും കുടുംബശ്രീ വഴി മികവ് നേടിയവരെ ആദരിക്കുകയും ചെയ്യുന്നതാണ്.
അയൽക്കൂട്ട സംഗമം ചുവട് 2023 ന്റെ ഭാഗമായി ജില്ലാതല ആർ.പിമാർക്കുള്ള പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് സിഡിഎസ്സ്, എഡിഎസ്സ്. അയൽക്കൂട്ടതല പരിശീലനം മുതൽ 16 21 വരെയുള്ള തീയതികളിലായി സംഘടിപ്പിക്കുന്നു. ജനുവരി 22 ന് പ്രത്യേക അയൽക്കൂട്ടയോഗം ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതാണ്. അയൽക്കൂട്ട സംഗമം പ്രചരണത്തിന്റെ ഭാഗമായി വിളംബര ജാഥ, ഫ്ളാഷ് മോബ്, പോസ്റ്റർ പ്രചരണം, മെസേജ് റിലേ എന്നിവ സംഘടിപ്പിക്കുന്നു. ചുവട് 2023 അയൽക്കൂട്ട സംഗമത്തിന്റെ ഭാഗമായി സുസ്ഥിര വികസന തൃത്താല മണ്ഡലത്തിൽ എല്ലാ അയൽക്കൂട്ട പ്രദേശങ്ങളിലും 25 വൃക്ഷതൈകൾ വീതം നടുന്നതിനും ജിയോ ടാഗ് ചെയ്യുന്നതിനും തീരുമാനിച്ചു.