നെന്മാറ : നെൽച്ചെടികൾക്ക് ബാക്ടീരിയ മൂലമുള്ളഅസുഖം വ്യാപിക്കുന്നു. നെൽച്ചെടികളുടെ വലിപ്പം കൂടിയ ഓലകളുടെ മുകൾഭാഗത്ത് തുരുമ്പ് (ചെമ്പൻ) നിറത്തിലാണ് അസുഖം ആദ്യം പ്രത്യക്ഷപ്പെടുന്നത് തുടർന്ന് ഓലകളുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ച നെൽപ്പാടം മുഴുവൻ ചെമ്പൻ നിറമായി മാറുകയാണ് ചെയ്യുന്നത്. ബാക്ടീരിയ മൂലമുള്ള അസുഖമാണെന്ന് കാർഷിക വിദഗ്ധർ പറയുന്നു. സാധാരണ നൈട്രജൻ അംശം കൂടിയാൽ നെൽപ്പാടങ്ങളിൽ കണ്ടുവരുന്ന മഞ്ഞളിപ്പ് രോഗത്തിൽ നിന്ന് വ്യത്യസ്തമായാണ് ഇലകളിലെ നിറംമാറ്റം കാണുന്നത്. നടീൽ കഴിഞ്ഞ് രണ്ടുമാസത്തോളം പ്രായമായി വലിപ്പം കൂടിയ ഓലകൾ വന്നു തുടങ്ങിയ ശേഷമാണ് അസുഖം വ്യാപിക്കുന്നത്. ഓലകളിൽ തുരുമ്പ് നിറം വ്യാപിക്കുന്നതോടെ നെൽചെടികളുടെ വളർച്ചയും മുരടിക്കുന്നതായി കർഷകർ പറയുന്നു. വളപ്രയോഗങ്ങളും കീടങ്ങൾക്കുള്ള മരുന്ന് തെളിയും കഴിഞ്ഞ് കാതിരുവരാറായ സമയത്തുള്ള അസുഖം ഉൽപാദനക്ഷമതിയെ ബാധിക്കുമെന്ന ആശങ്കയും കർഷകർ പങ്കുവച്ചു. അയിലൂർ പഞ്ചായത്തിലെ ചെട്ടികുളമ്പ്, ഒറവഞ്ചിറ, തുടങ്ങിയ പാടശേഖരങ്ങളിലാണ് അസുഖം പടരുന്നത്. കഴിഞ്ഞ രണ്ടാം വിളയിലും ഇതേ രീതിയിലുള്ള അസുഖം പടർന്നിരുന്നതായി കർഷകരായ സേതുമാധവൻ, ശിവൻ, യൂസഫ് എന്നിവർ പറഞ്ഞു. ഇഞ്ചി, മഞ്ഞൾ, റബ്ബർ, തേയില കാപ്പി, കശുമാവ് തുടങ്ങിയ കൃഷികളിലാണ് ബാക്ടീരിയ ഫംഗസ് തുടങ്ങിയവ മൂലമുള്ള അസുഖങ്ങൾ കാണാറുള്ളത്. കീടങ്ങളുടെ ആക്രമണം മാത്രം ഉണ്ടായിരുന്ന നെൽകൃഷിയിലേക്കും ബാക്ടീരിയ, വൈറസ്, ഫംഗസ്, തുടങ്ങിയവ മൂലമുള്ള അസുഖങ്ങൾ വ്യാപിക്കുന്നത് കർഷകർ ആശങ്കയോടെയാണ് കാണുന്നത്. വിപണിയിൽ ലഭ്യമായ ബാക്ടീരിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ കർഷകർ പ്രയോഗിക്കുന്നുണ്ട്. കൃഷിഭവൻ അധികൃതരെ കർഷകർ അസുഖ വിവരം അറിയിച്ചിട്ടുണ്ട് ബാക്ടീരിയ അസുഖങ്ങൾക്കുള്ള പ്രതിവിധികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു.
ബാക്ടീരിയ മൂലമുള്ള അസുഖം പടർന്ന നെൽപ്പാടങ്ങളിൽ മരുന്നുതളി നടത്തുന്ന ഒറവഞ്ചിറ പാടശേഖരം.