ഇടതു സർക്കാർ കെ എസ് ആർ ടി സി യെ കൊള്ളയടിക്കുന്നു : എസ്.അജയകുമാർ.

കെ എസ് ആർ ടി സി ഡിപ്പോകളും റൂട്ടും സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകിയും ജീവനക്കാരിൽ നിന്നും ഇൻഷുറൻസിനും പെൻഷനും വേണ്ടി പിടിക്കുന്ന തുക വകമാറ്റി ചെലവഴിച്ചും ഇടതു സർക്കാർ കെ എസ് ആർ ടി സി യെ കൊള്ളയടിക്കുകയാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ ആരോപിച്ചു. ജനുവരി 31 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി നടക്കുന്ന ജനകീയ സദസ്സ് പാലക്കാട് ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 7 വർഷത്തെ ഇടതു സർക്കാരിന്റെ പൊതു ഗതാഗത നയം കെ എസ് ആർ ടി സി യെ ഘട്ടംഘട്ടമായി ഉന്മൂലനം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ കെ എസ് ആർ ടി സി യിൽ വർഷങ്ങളായി പുതിയ നിയമനങ്ങളൊന്നും തന്നെ നടക്കുന്നില്ല. പുതിയ ബസുകൾ വാങ്ങാത്തതിനാൽ യാത്രാ ക്ലേശം രൂക്ഷമാണ്. ജീവനക്കാർക്ക് സമയത്ത് ശമ്പളം നൽകുന്നില്ല എന്നു മാത്രമല്ല ശമ്പളത്തിൽ നിന്നും പിടിക്കുന്ന ഇൻഷുറൻസ്, പെൻഷൻ തുകകൾ പോലും സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കാമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ വാഗ്ദാനനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബഹു. സുപ്രീം കോടതി വിധിപ്രകാരം കെ എസ് ആർ ടി സി ക്ക് ലഭിച്ച 248 റൂട്ടുകൾ സ്വകാര്യ ലോബിക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കുക, ജീവനക്കാരിൽ നിന്നും ഈടാക്കുന്ന എസ് എൽ ഐ, ജി ഐ എസ് ഇൻഷുറൻസ് തുകകളും പങ്കാളിത്ത പെൻഷൻ പ്രീമിയവും 10 മാസമായി അടക്കാതെ ജീവനക്കാരന്റെ പെൻഷനും മരണാനുകൂല്യവും നിഷേധിക്കുന്ന ഇടതു നയം തിരുത്തുക, ദിവസവും 12 മണിക്കൂർ ജോലി എന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പിൻവലിക്കുക, കെ എസ് ആർ ടി സിയെ സർക്കാർ ഡിപ്പാർട്ട്മെൻറ് ആക്കി പൊതു ഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ജനകീയ സദസിൽ യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കെ.രാജേഷ് സമാരോപ് പ്രഭാഷണം നടത്തി. കെ വി എം എസ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് എം.ജി. സജിത്ത്കുമാർ , ബി എം എസ് ആർ എ ജില്ലാ പ്രസിഡന്റ് വി.കെ. ശബരീനാഥ്,കെ.സുരേഷ് കൃഷ്ണൻ ,എൽ. രവി പ്രകാശ്, മുരുകേശൻ എന്നിവർ സംസാരിച്ചു.

advt