ഹരിതകർമ്മ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് വൃത്തിയായി തരംതിരിച്ച് നൽകുക, ഹരിതകർമ്മ സേനാംഗങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർ ഫീ നൽകുക എന്ന മുദ്രാവാക്യവുമായി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്, പാലക്കാട് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
പാലക്കാട് നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ബേബി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതും അവരുടെ അഭിമാനത്തെ ക്ഷതം വരുത്തുന്നതുമായ പ്രവർത്തനങ്ങൾക്കെതിരെയാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
കോങ്ങാട്, പാലക്കാട് എന്നിവിടങ്ങളിലെ ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജി. രഞ്ജിത, എസ്. രഞ്ജിനി, കെ. മുനീറ, എൻ. നിത്യ, വി. മൃദുല തുടങ്ങിയവർ ഫ്ലാഷ് മോബിൽ പങ്കെടുത്തു.