പുസ്തക പ്രകാശനവും അവാർഡ് സമർപ്പണവും അനുമോദനവും

പട്ടാമ്പി: സ്വന്തം ആവാസ കേന്ദ്രം പണിയുന്നതിന് മുമ്പ് പടുകൂറ്റൻ മതിലും ഗെയിറ്റും പട്ടിക്കൂടും നിർമ്മിച്ച് തന്നിലേക്ക് തന്നെ ചുരുങ്ങുന്ന വ്യക്തികളുടെ സമൂഹമായി നാട് മാറിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ അഭിപ്രായപ്പെട്ടു.

ചാത്തനൂർ സഹകരണ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് ആര്യൻ ടി. കണ്ണനൂർ അധ്യക്ഷത വഹിച്ചു. പ്രവാസിയായ ഉണ്ണി പൂക്കരാത്തിൻ്റെ നിലാവും നിഴലും നിശാഗന്ധിയും എന്ന നോവലിൻ്റെ പ്രകാശനം ശ്രീരാമൻ നിർവഹിച്ചു. കെ. ജനാർദ്ധനൻ ഏറ്റു വാങ്ങി.
ഗ്രന്ഥശാല പ്രവർത്തന രംഗത്ത് അരനൂറ്റാണ്ടു പിന്നിട്ട വി.പി ഐദ്രുമാസ്റ്റർക്ക് അക്ഷരജാലകം ഏർപ്പെടുത്തിയ പി.എൻ പണിക്കർ പുരസ്കാരവും, ആതുര സേവനരംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോ.ഇ.സുഷമക്ക് ഇ.പി അച്യുതൻ നായർ മെമ്മോറിയൽ പുരസ്കാരവും വി.കെ.ശ്രീരാമൻ സമ്മാനിച്ചു. പതിനായിരം രൂപയുടെ പുസ്തകവും ഫലകവും പൊന്നാടയുമടങ്ങിയ പുരസ്കാരമാണ് ഇരുവർക്കും നൽകിയത്.
സാഹിത്യ-മാധ്യമ രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് എം.ടി വേണു അവാർഡ്‌ നേടിയ ടി.വി.എം അലി, വിവിധ മേഖലകളിൽ ബഹുമതികൾ നേടിയ കലാമണ്ഡലം ചന്ദ്രൻ, ആറങ്ങോട്ടുകര ശിവൻ, സുന്ദരൻ ചെട്ടിപ്പടി, കെ.ചന്ദ്രൻ, ചെറുകാട്ടുമന ശ്രീനി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹ്റ, അക്ഷരജാലകം പ്രസിഡൻ്റ് ഹുസൈൻ തട്ടത്താഴത്ത്, ഡോ.സ്മിതാദാസ്, ടി.രാമൻകുട്ടി, വാസുദേവൻ തച്ചോത്ത്, പി.പി നന്ദൻ, ഉണ്ണി പൂക്കരാത്ത്, ബാലചന്ദ്രൻ,
പ്രിയങ്ക പവിത്രൻ എന്നിവർ സംസാരിച്ചു.