ലഹരി വിരുദ്ധ ബോധവൽക്കരണം പ്രഹസനമാവരുത്.. കേരള മദ്യനിരോധന സമിതി

പാലക്കാട്:ലഹരിവിരുദ്ധ തീവ്ര ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ ഉല്പാദിപ്പിക്കുവാനുള്ള സർക്കാർ നീക്കം ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളെ പ്രഹസനമാക്കുകയാണെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രഹസന പരിപാടികൾ നിർത്തി വെച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പാലക്കാട് ഹിന്ദി മഹാ വിദ്യാലയത്തിൽ ചേർന്ന ലഹരി വിരുദ്ധ യോഗത്തിന്റെ ഉദ്ഘാടനം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. മോഹനകുമാരൻ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ടി.എൻ. ചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.എ. പത്മകുമാർ, അക്ബർ പാഷ, പി. സിദ്ധാർത്ഥൻ, കെ. മണികണ്ഠൻ, ഇ.പി. ശ്രീനിവാസൻ, പി. വി. സഹദേവൻ, അക്ഷയ് സി. മേനോൻ എന്നിവർ പ്രസംഗിച്ചു.