നാടൻ മാവുകളുടെ സംരക്ഷണത്തിന് ജില്ലയിൽ തുടക്കമായി

പാലക്കാട്: അന്യം നിന്നു പോകുന്ന നാടൻ മാവുകളുടെ സംരക്ഷണത്തിനായി അഖില കേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നാടൻ മാവ് സംരക്ഷണ സമിതിയുടെയും കഞ്ചിക്കോട് ബെർമലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നാട്ടു മാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേന്ദ്ര സർക്കാർ സ്ഥാപനമായ ബെമൽ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ എഴുപത്തഞ്ചോളം നാടൻ മാവ് തൈകൾ നട്ടു പിടിപ്പിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി സംരക്ഷണ സമിതി പ്രവർത്തകർ ശേ ഖരിച്ച കുഞ്ഞൂസ്, ബാബു, ചക്കരൻ, തൃശൂർക്കാരൻ, കുറ്റിയാട്ടൂർ, ഹാരിസൺ ബ്ലൂ തുടങ്ങി വിവിധ ഇനം നാടൻ മാവ് തൈകൾ ആണ് നട്ടു പിടിപ്പിച്ചത്. തുടർന്നും ജില്ലയിലെ പൊതു സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലും നാടൻ മാവ് തൈകൾ വച്ചു പിടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അടുത്ത മാമ്പഴക്കാലത്ത് ജില്ലയിലെ വിവിധ നാട്ടു മാവുകളുടെ ഒരു സർവേയും സമിതി നടത്തും.
ചടങ്ങ് ബെമൽ ചീഫ് ജനറൽ മാനേജർ ജി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എസ്. സതീശൻ അധ്യക്ഷത വഹിച്ചു. രാജയ്യ, ബസവരാജ്, അശോക്റാം, ദേവി നായർ, പ്രഭു പുല്ലോട്, ഡോ. എം. എൻ. അനുവറുദ്ധീൻ,കെ. രാധാകൃഷ്ണൻ, എ. എച്. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.