സാമഗ്രികൾക്ക് പൊള്ളും വില: നിർമ്മാണ മേഖല സ്തംഭിക്കുന്നു

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കെട്ടിട നിർമാണ മേഖല സ്തംഭനത്തിലേക്ക്. സിമന്റിനടക്കം എല്ലാ തരം നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ വര്‍ദ്ധിപ്പിച്ച കമ്പനികളുടെ തേപ്പില്‍ വീടുപണിയടക്കം പാതിയില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതല്‍ 90 രൂപ വരെയാണ് ജില്ലയില്‍ വര്‍ദ്ധിച്ചത്. മുന്‍നിര ബ്രാന്‍ഡുകളുടെ വിലയിലാണ് കാര്യമായ മാറ്റം. എ ഗ്രേഡ് സിമന്റിന് ചാക്കിന് 480 മുതല്‍ 510 രൂപ വരെയാണ് വില. രണ്ടാഴ്ച മുമ്പ് വരെ 370 – 400 രൂപയ്ക്കുള്ളില്‍ ലഭിച്ച സിമന്റിനാണ് ഇങ്ങനെ വില കൂടിയത്. ബി ഗ്രേഡ് സിമന്റുകള്‍ക്കും വൈകാതെ വില ഉയര്‍ന്നേക്കുമെന്ന് വ്യാപാരികള്‍.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് പടിപടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതല്‍ വിവിധ നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. മഴ വിട്ടുനിന്നതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ കൂടുതലായി തുടങ്ങുന്ന സമയത്തെ വില വര്‍ദ്ധനവ് നിര്‍മ്മാണ മേഖലയ്ക്ക് ഇടിത്തീയായിട്ടുണ്ട്. ഒരു മാസത്തിനിടെ നിര്‍മ്മാണ സാമഗ്രികളുടെ വില 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചു. ഒരു ചതുരശ്ര അടിക്ക് 30 മുതല്‍ 50 രൂപ വരെ കൂടിയതിനാല്‍ അധികച്ചെലവ് ഉടമകള്‍ വഹിക്കണമെന്ന നിലപാടിലാണ് കരാറുകാര്‍. ടി.എം.ടി കമ്പികളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ട്. നേരത്തെ കിലോയ്ക്ക് 65 – 70 രൂപ നിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ 72 മുതല്‍ 80 രൂപ വരെയായി. മുന്‍നിര ബ്രാന്‍ഡഡ് കമ്പികള്‍ക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന കമ്പികളുടെ വില വീണ്ടും വര്‍ദ്ധിക്കുന്നുണ്ട്. 115 രൂപ വരെ എത്തിയിരുന്ന വില താഴ്ന്ന് 95ല്‍ എത്തിയിരുന്നു. ഇതാണ് വീണ്ടും ഉയരുന്നത്. ചെങ്കല്ലിന് 48 മുതല്‍ 55 രൂപ വരെ നല്‍കണം. 45 രൂപയ്ക്ക് ഫസ്റ്റ് ക്വാളിറ്റി ചെങ്കല്ല് കിട്ടിയിരുന്ന സ്ഥാനത്താണിത്.
നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവ് കരാര്‍ മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. നിലവില്‍ തുടങ്ങിയ പ്രവൃത്തികള്‍ താത്കാലികമായി നിറുത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് കരാറുകാരും കെട്ടിട ഉടമകളും. സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അവതാളത്തിൽ തന്നെ.