വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: അശാസ്ത്രീയമായ റോഡ് നിർമാണം മൂലം പുതിയതായി നിർമ്മിക്കുന്ന റോഡ് ഒരു വശം തകർന്നു കുളത്തിലേക്ക് ഇടിഞ്ഞു. വലിയ ഗർത്തമാണ് രൂപപ്പെട്ടത് . പട്ടാമ്പി നിയോജക മണ്ഡലത്തിലെ കൊപ്പം പഞ്ചായത്ത് 14 ആം വാർഡിലാണ് സംഭവം. മേൽമുറിയിൽ നിന്നും ആരംഭിച്ച് യോഗീശരം അംഗണവാടി ഭാഗത്ത് അവസാനിക്കുന്ന റോഡിന്റെ ഒരു ഭാഗമാണ് തകർന്നു തരിപ്പണമായി സമീപത്തെ കുളത്തിൽ വീണത്. കഷ്ടിച്ച് ഒരാൾക്ക് നടന്നോ ഇരുചക്ര വാഹനത്തിലോ യാത്ര ചെയ്യാൻ സാധിച്ചിരുന്ന ഒരു ഇടവഴിയായിരുന്നുഇത് വരെ. എന്നാല് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. റോഡ് വീതി കൂട്ടി നിരപ്പാക്കാൻ റോഡ് റോളർ വന്നതാണ് വിനയായത്. കുളത്തിന്റെ ഒരു ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ചെവി കൊണ്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ശരി കുളവും റോഡും സംരക്ഷിക്കുന്ന രീതിയിൽ പുനർ നിർമ്മാണ പ്രക്രിയ ആരംഭിച്ചു ശാസ്ത്രീയമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട നിർമ്മാതാക്കൾ തയ്യാറാകണമെന്നും അതിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ മേൽ നോട്ടം വഹിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.