അന്താരാഷ്ട്ര വിവരാവകാശ ദിനം ആചരിച്ചു

അന്താരാഷ്ട്ര വിവരാവകാശ ദിനമായ സെപ്റ്റംബർ 28 ന് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജിൽ ഏകദിന വിവരാവകാശ ശില്പശാല സംഘടിപ്പിച്ചു.

ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് പരമാധികാരികൾ, അവർക്ക് ഭരണത്തിലിടപെടാനും അഭിപ്രായം രേഖപ്പെടുത്താനും സർക്കാർ ചിലവുകൾ സോഷ്യൽ ഓഡിറ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്, ഇത് പ്രാവർത്തികമാവണമെങ്കിൽ ഭരണഘടന ആർട്ടിക്കിൾ 19 മാത്രം മതിയാവില്ല എന്ന സുപ്രീം കോടതി വിധി ഉൾക്കൊണ്ട് 2005 ൽ നടപ്പിലാക്കിയ അവകാശ നിയമമാണ് വിവരാവകാശ നിയമം എന്ന് സ്വാഗത പ്രസംഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ഷീന സൂചിപ്പിച്ചു.

ശില്പശാലയിൽ ദേശീയ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്ററും കില റിസ്സോഴ്സ്സ് പേഴ്സണുമായ ശ്രീ കെ വി കൃഷ്ണകുമാർ
വിവരാവകാശ നിയമത്തിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ചും നിയമത്തിന്റെ സവിശേഷതകളെ കുറിച്ചും വിശദീകരിച്ചു. ബഹു സുപ്രീം കോടതി സൂര്യ തേജസ്സ് എന്ന് വിശേഷിപ്പിച്ച ഈ നിയമം വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യഥി ചലിക്കുന്നതായും സൂചിപ്പിച്ചു. ഇതിന് അടിസ്ഥാന കാരണം വിവരാവകാശ നിയമത്തിലെ സെക്ഷൻ 4 പ്രകാരം 2005 ഒക്ടോബർ 12നകം ഓരോ പൊതു അധികാര സ്ഥാപനവും സ്വമേധയ വെളിപ്പെടുത്തേണ്ട 17 കൂട്ടം വിവരം ഇനിയും വെളിപ്പെടുത്താത്തതാണെന്നും ഇത് നടപ്പിലാക്കുന്നതിന് നിയമ വിദ്യാർത്ഥികളുടെ ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരും ജനങ്ങളും ഈ നിയമത്തിൽ ഒരു പോലെ അജ്ഞരാണെന്നതാണ് നിയമം തെറ്റായി ഉപയോഗിക്കുന്നതിന് പ്രധാന കാരണമെന്നും പറയുകയുണ്ടായി.

വിവരാവകാശ അവബോധം സൃഷ്ടിക്കുന്നതിന് കോളേജ് പ്രതിജ്ഞാബദ്ധമാണെന്നും അടുത്ത ഒരു വർഷത്തിനകം ഏതെങ്കിലും ഒരു പഞ്ചായത്തിൽ 100% വിവരാവകാശ നിയമ സാക്ഷരത നടപ്പിലാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് IQAC കോഓർഡിനേറ്ററും അസി.പ്രൊഫസറുമായ ശ്രീമതി ശ്രീ ലക്ഷ്മി ഉറപ്പു നൽകി.

നിയമത്തിന്റെ പ്രായോഗിക വശങ്ങളെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും പങ്ക് വച്ച കില റിസ്റ്റേഴ്സ് പേഴ്സൺ ശ്രീ കെ. ശ്രീജിത്ത് വിവരാവകാശ നിയമം കൈകാര്യം ചെയ്യേണ്ട രീതിയെ കുറിച്ച് വിശദീകരിക്കുകയും പൊതു താല്പര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണെന്ന സന്ദേശവും നൽകി.

കോളേജ് സെക്രട്ടറി ശ്രീ അഡ്വ. പി. ആർ. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ശ്രീ ടി കെ ഗോപാലകൃഷ്ണൻ ആശംസയർപ്പിച്ചു.
മൂന്നാം വർഷ വിദ്യാർത്ഥി ശ്രീ അബ്ദുൽ ഹസീബ് നന്ദി രേഖപ്പെടുത്തി.