നിയമ വിരുദ്ധമായ 12 മണിക്കൂർ ജോലി സമയം അടിച്ചേൽപ്പിക്കുന്ന ഇടതു നയം തിരുത്തുക. കെ എസ് ടി എംപ്ലോയീസ് സംഘ്

പിണറായി സർക്കാർ കെ എസ് ആർ ടി സി യിൽ നടപ്പാക്കുന്നത് ബൂർഷ്വാ നയമാണെന്നും കോർപ്പറേറ്റുകൾക്ക് സഹായകരമായ തൊഴിൽ പരിഷ്കരണങ്ങളിലൂടെ തൊഴിലാളികളെ വെല്ലുവിളിക്കുന്നത് സംഘടിത പ്രക്ഷോഭങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്നുംകെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.ഇന്ത്യയിൽ നിലനിൽക്കുന്ന 8 മണിക്കൂർ ജോലി സമയം അട്ടിമറിച്ച് കെ എസ് ആർ ടി സി യിൽ 12 മണിക്കൂർ ജോലി അടിച്ചേൽപ്പിക്കുന്ന ഇടതു സർക്കാരിന്റെ തൊഴിലാളി വഞ്ചനക്കെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചരണ ജാഥയുടെ പാലക്കാട് ജില്ലാ സമാപന സമ്മേളനം പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളം നിഷേധിച്ചും ജീവനെടുക്കുന്ന പരിഷ്കരണങ്ങൾ അടിച്ചേൽപ്പിച്ചും സ്ഥാപനത്തെ ഇല്ലാതാക്കി പൊതു ഗതാഗതം ഇടത് മേധാവിത്വമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് പതിച്ചു നൽകാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യ അജണ്ടയാണ് കെ എസ് ആർ ടി സി യിൽ നടപ്പിലാക്കുന്നതെന്നും ഇതിനെതിരെ ജീവനക്കാരെ അണിനിരത്തി ശക്തമായ പോരാട്ടത്തിന് കെ എസ് ടി എംപ്ലോയീസ് സംഘ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.സുരേഷ്കൃഷ്ണൻ, കെ.സുധീഷ്, എൻ. കാളിദാസ്, എം. കണ്ണൻ, വി.വിജയൻ, പി.ആർ. മഹേഷ് എന്നിവർ സംസാരിച്ചു. എൽ. രവി പ്രകാശ്, ഇ.ശശി, എം. മുരുകേശൻ എന്നിവർ ഹാരമണിയിച്ച് ജാഥാ ക്യാപ്റ്റൻ ടി.വി.രമേഷ് കുമാറിനെ സ്വീകരിച്ചു.
രാവിലെ മണ്ണാർക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്ത ജാഥ ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽ സ്വീകരണമേറ്റു വാങ്ങിയാണ് പാലക്കാട് ഡിപ്പോയിൽ സമാപിച്ചത്.